തലശ്ശേരിയെ ഇളക്കി മറിച്ച ‘സഖാവ്’ പ്രേക്ഷക ഹൃദയം ചെങ്കടലാക്കാന്‍ വരവായി…!

  • Post category:news
  • Reading time:1 min read
You are currently viewing തലശ്ശേരിയെ ഇളക്കി മറിച്ച ‘സഖാവ്’  പ്രേക്ഷക ഹൃദയം ചെങ്കടലാക്കാന്‍ വരവായി…!

തലശ്ശേരി: ഒരു മെക്‌സിക്കന്‍ അപാരതയ്ക്ക് പിന്നാലെ നിവിന്‍ പോളിയും ചെങ്കൊടിയേന്തി കമ്മ്യൂണിസ്റ്റ് നായകനാകുന്ന ‘സഖാവ്’ സിനിമയുടെ പ്രചാരണത്തിന് തുടക്കമിട്ടത് ഇടതുകോട്ടയായ തലശ്ശേരിയില്‍ നിന്ന്. അധര്‍മ്മത്തിനും അനീതിക്കും അഴിമതിക്കുമെതിരെ ക്യാമ്പസിലും പുറത്തും രോഷാകുലമാകുന്ന ‘സഖാവ് കഥാപാത്രങ്ങള്‍’ ഇപ്പോള്‍ മലയാള സിനിമയില്‍ പുതിയ ട്രെന്‍ഡ് സൃഷ്ടിക്കുകയാണ്. അടുത്തുതന്നെ റിലീസാകുന്ന ‘സഖാവ്’എന്ന സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായുള്ള റോഡ് ഷോ എം.എന്‍ ഷംസീര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സംവിധായകന്‍ സിദ്ധാര്‍ത്ഥ് ശിവ, നടനും സംവിധായകനുമായ അല്‍ത്താഫ് സലിം, നടന്‍ ബിനീഷ് കോടിയേരി തുടങ്ങിയവരും റോഡ് ഷോയില്‍ പങ്കുചേര്‍ന്നു.

ആരാധകരുടെ സ്നേഹവായ്പ്പ് ഏറ്റുവാങ്ങിയ പ്രിയപ്പെട്ട താരത്തിന് ഇനിയുള്ള സ്വീകരണം തലശ്ശേരി ബ്രണ്ണന്‍ കോളേജിലും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസിലുമാണ്. കൃഷ്ണകുമാര്‍, കൃഷ്ണന്‍ എന്നീ കഥാപാത്രങ്ങളായി ഇരട്ട വേഷങ്ങളിലാണ് നിവിന്‍ പോളി ‘സഖാവി’ല്‍ എത്തുന്നത്. യൂണിവേഴ്സല്‍ സിനിമയുടെ ബാനറില്‍ ബി.രാകേഷ് ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ഏപ്രില്‍ പതിനഞ്ചിനാണ് ചിത്രം തീയേറ്ററുകളിലെത്തുന്നത്. ഒരു വര്‍ഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം തീയേറ്ററുകളിലെത്തുന്ന നിവിന്‍ പോളി ചിത്രമായ സഖാവ് പ്രേക്ഷകരെ കീഴടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

0Shares