
കണ്ണൂര്‍: കണ്ണൂര്‍: തലശ്ശേരിയില്‍ വന്‍ കുഴല്‍പ്പണ വേട്ട. ബുധനാഴ്ച രാവിലെ ഒന്‍പത് മണിയോടെ തലശ്ശേരി റെയില്‍വെ സ്റ്റേഷനില്‍ വച്ചാണ് മൂന്ന് കോടി 25 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടിയത്. തലശ്ശേരി ഡി.വൈ.എസ്പി പ്രിന്‍സ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കുഴല്‍പ്പണം പിടികൂടിയത്. ബംഗളുരുവില്‍ നിന്നുള്ള യശ്വന്ത്പൂര്‍ എക്‌സ്പ്രസില്‍ വന്നിറങ്ങിയ രണ്ട് യുവാക്കളെ പരിശോധിച്ചപ്പോഴാണ് അവരുടെ കൈയിലുണ്ടായിരുന്ന മൂന്ന് ബാഗുകളില്‍ നിന്നായി 2000, 500, 100 നോട്ടുകളുടെ കെട്ടുകള്‍ കണ്ടെടുത്തത്.

സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് കൊടുവള്ളി സ്വദേശികളായ രണ്ട് പേരെ അറസ്റ്റ് ചെയ്തു. കരുവംപൊയിലിലെ ഇക്ബാല്‍, ഓമശ്ശേരിയിലെ മുഹമ്മദ് ഷാലിക്ക് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബംഗളുരുവില്‍ പോയി സ്വര്‍ണം വിറ്റുകിട്ടിയ പണമാണിതെന്നാണ് പ്രതികള്‍ പോലീസിന് നല്‍കിയ മൊഴി. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുമെന്നും കണ്ടെടുത്ത പണം എന്‍ഫോസ്‌മെന്റിന് കൈമാറുമെന്നും ഡി.വൈ.എസ്പി പ്രിന്‍സ് എബ്രഹാം പറഞ്ഞു. തലശേരി സി.ഐ കെ.ഇ പ്രേമചന്ദ്രന്‍, എസ്.ഐ അനില്‍കുമാര്‍, എ.എസ്.ഐ അജയകുമാര്‍, ആര്‍.പി.എഫ് എ.എസ്.ഐ സുനില്‍ കുമാര്‍ എന്നിവരും കുഴല്‍പ്പണം പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
