
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്തുതിച്ചു പ്രസ്താവന നടത്തിയെന്ന പേരിൽ കോൺഗ്രസിലെ സംസ്ഥാന നേതാക്കളുടെ വിമർശനത്തിന് ഇരയായ ശശി തരൂർ എം.പി കെ.പി.സി.സി ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ സ്ഥാനം രാജിവയ്ക്കുന്നു. സെല്ലിന്‍റെ സംസ്ഥാന കോർ കമ്മിറ്റി അംഗങ്ങളുടെയും കോഓർഡിനേറ്റർമാരുടെയും യോഗത്തിൽ തരൂർ തന്നെ രാജി തീരുമാനം പ്രഖ്യാപിച്ചു.

മുല്ലപ്പള്ളി രാമചന്ദ്രൻ കെ.പി.സി.സി പ്രസിഡന്റായ ശേഷം സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ കോൺഗ്രസ് ആശയപ്രചാരണത്തിനായി രൂപീകരിച്ചതാണ് പ്രൊഫഷനല്‍, രാഷ്ട്രീയ പ്രവർത്തകരുടെ കൂട്ടായ്മയായ ഡിജിറ്റൽ മീഡിയ സെൽ. ചെയർമാനായി ശശി തരൂരിനെയും കൺവീനറായി എ.കെ.ആന്റണിയുടെ മകൻ അനിൽ ആന്റണിയെയും നിയമിച്ചത് കെ.പി.സി.സി പ്രസിഡന്റിന്‍റെ പ്രത്യേക താൽപര്യപ്രകാരമായിരുന്നു.
എം.പിയെന്ന നിലയിൽ തന്നോടു വിശദീകരണം തേടേണ്ടിയിരുന്നത് എ.ഐ.സി.സിയാണെന്നും കെ.പി.സി.സി ഇതിനു മുതിർന്നതിലുള്ള മനോവ്യഥയാണ് രാജി തീരുമാനത്തിലേക്കു നയിച്ചതെന്നും ശശിതരൂർ കരുതുന്നതായി അദ്ദേഹത്തോട് അടുപ്പമുള്ളവർ പറയുന്നു.
