
ചെന്നൈ: കമലഹാസന്‍ പങ്കെടുക്കുന്ന ബിഗ്ബോസ് എന്ന തമിഴ് റിയാലിറ്റി ഷോയില്‍ അസ്ലീലമുണ്ടെന്നും ചാനല്‍ പ്രോഗ്രാം നിരോധിക്കണമെന്നും ആവശ്യപ്പെട്ട ഹിന്ദു സംഘടനകള്‍ക്ക് അതേ നാണയത്തില്‍ കമലിന്‍റെ മറുപടി. വിമര്‍ശിക്കുന്നവര്‍ അറസ്റ്റ് ആവശ്യപ്പെടാന്‍ വളരെ വൈകിയെന്നും താന്‍ മുന്‍പ്അ ഭിനയിച്ച ധാരാളം സിനിമകളില്‍ അടുത്തിടപഴകുന്ന ദൃശ്യങ്ങളുണ്ടെന്നും കമലഹാസന്‍ പറഞ്ഞു. ദശാബ്ദങ്ങളായി താന്‍ അഭിനയിച്ച പല ചിത്രങ്ങളിലും ചുംബന ദൃശ്യങ്ങളുണ്ട്. ഇത്ര വൈകിയാണോ അവര്‍ തന്‍റെ അറസ്റ്റ് ആവശ്യപ്പെടുന്നതെന്നും കമലഹാസന്‍ ചോദിച്ചു.

ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ താന്‍ മാപ്പു പറയില്ലെന്നും തെറ്റ് ചെയ്തെന്ന് തനിക്ക് ബോധ്യപ്പെട്ടാല്‍ മാത്രമേ മാപ്പു പറയൂവെന്നും പറഞ്ഞ കമലഹാസന്‍ അവര്‍ക്ക് പറ്റുമെങ്കില്‍ തന്നെ അറസ്റ്റ് ചെയ്യിക്കട്ടെ എന്നും പറഞ്ഞു. നിയമ സംവിധാനത്തില്‍ താന്‍ വിശ്വസിക്കുന്നുണ്ട്. നിയമം തന്നെ രക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിയാലിറ്റി ഷോ തമിഴ് സംസ്കാരത്തെ നശിപ്പിക്കുമെന്ന വിമര്‍ശകരുടെ വാദത്തെ അദ്ദേഹം പുച്ഛിച്ചു തള്ളി. തന്‍റെ സിനിമകളിലെ പ്രണയ സീനുകള്‍ ഏല്‍പ്പിക്കാത്ത മുറിവുകളൊന്നും റിയാലിറ്റി ഷോ തമിഴ് സംസ്കാരത്തിന് ഏല്‍പ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
