ഷിംല: 125 കോടി വരുന്ന ഇന്ത്യക്കാരെ തനിക്ക് സേവിക്കാന്‍ സാധിക്കുന്നത് ശിവ ഭഗവാന്റെ അനുഗ്രഹം കൊണ്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിശ്വാസപരമായി ഇത് വലിയ ഉപാസനയാണെന്നും അദ്ദേഹം പറഞ്ഞു. ഉത്തരാഖണ്ഡിലെ പ്രശസ്തമായ കേദാര്‍നാഥ് ക്ഷേത്രം സന്ദര്‍ശിച്ച ശേഷം പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. 2022 ല്‍ വികസന ഇന്ത്യ എന്ന സ്വപ്നം കൈവരിക്കാന്‍ സാധിക്കുമെന്ന് കരുതുന്നു. ഉത്തരാഖണ്ഡില്‍ 2013 ലുണ്ടായ പ്രളയം വളരെ ദുഃഖകരം തന്നെ. ഈ സമയത്ത് താന്‍ പ്രധാനമന്ത്രിയായിരുന്നില്ല, അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. ദുരന്തത്തില്‍ പെട്ടവരെ സഹായിക്കാന്‍ ആഗ്രഹിച്ചെങ്കിലും യു.പി.എ സര്‍ക്കാര്‍ നിരാകരിക്കുകയായിരുന്നുവെന്നും മോദി ആരോപിച്ചു. കേദാര്‍നാഥിനെ പുനര്‍നിര്‍മിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാറിന് കേന്ദ്രം എല്ലാ സഹായവും നല്‍കും. കേദാര്‍നാഥ് തീര്‍ഥാടക സൗഹൃദ കേന്ദ്രമാക്കും.
പാരമ്പര്യ മൂല്യങ്ങള്‍ നിലനിര്‍ത്തി കൊണ്ടു തന്നെ തീര്‍ഥാടക കേന്ദ്രത്തില്‍ പുത്തന്‍ വികസന ശൈലി നടപ്പാക്കും. ഉത്തരാഖണ്ഡില്‍ ജൈവ കൃഷി മുന്‍തൂക്കം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണമെന്നും മോദി ആവശ്യപ്പെട്ടു. മോശം പരിസ്ഥിതി രാജ്യത്തിന്റെ വികസനത്തിന് വിഘാതമാണ്. പരിസ്ഥിതി സംരക്ഷണം എല്ലാവരുടെയും ഉത്തരവാദിത്തമാണ്. പരിസ്ഥിതി സംരക്ഷിക്കുക വഴി നാം തന്നെയാണ് സംരക്ഷിക്കപ്പെടുക. ശൗചാലയങ്ങള്‍ രാജ്യത്തിന്റെ വികസനത്തിന് മുഖ്യ പങ്ക് വഹിക്കുന്നതായും മോദി പറഞ്ഞു. കഴിഞ്ഞവര്‍ഷം സംസ്ഥാനത്ത് അധികാരത്തിലെത്തിയ ബി.ജെ.പി സര്‍ക്കാരാണ് കേദാര്‍നാഥിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയതെന്നു മനസ്സിലാക്കുന്നതായും മോദി കൂട്ടിച്ചേര്‍ത്തു.