
കൂടുതൽ വലുപ്പവും ജനസംഖ്യയുമുള്ള പഞ്ചായത്തുകളെ വിഭജിച്ച് പുതിയ പഞ്ചായത്തുകൾ രൂപവൽക്കരിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധസമിതിയുടെ ശുപാർശ. ജനങ്ങളുടെ സൗകര്യവും ഭരണസൗകര്യവും മുൻനിർത്തിയാണ് നിർദേശം. എന്നാൽ, ഇക്കാര്യത്തിൽ സർക്കാർ നയപരമായ തീരുമാനമെടുത്തിട്ടില്ല.

നഗരസവിശേഷതകളുള്ള പഞ്ചായത്തുകളെ തിരക്കിട്ടു നഗരസഭകളാക്കി ഉയർത്തേണ്ടെന്ന് ഇതേ സമിതി നേരത്തെ ശുപാർശ നൽകിയിരുന്നു. പല പഞ്ചായത്തുകളുടെയും ഭൂവിസ്തൃതി ശരാശരിയിലും കൂടുതലാണ്. ചിലയിടങ്ങളിൽ ജനസംഖ്യ കൂടുതലാണ്. ചില പഞ്ചായത്തുകളിൽ വാർഡുകളുടെ എണ്ണം കൂടുതലാണ്. ഈ അപാകത പരിഹരിക്കാനാണു പുതിയ പഞ്ചായത്തുകൾ എന്ന നിർദേശം .
അടുത്ത വർഷം ഒക്ടോബറിൽ തദ്ദേശതിരഞ്ഞെടുപ്പിനു മുന്നോടിയായി പഞ്ചായത്തുകൾക്കു രൂപം നൽകാനാണു ശുപാർശ. വിഭജിക്കേണ്ട പഞ്ചായത്തുകളുടെ അന്തിമപട്ടിക തയാറായിട്ടില്ല.അന്തിമപട്ടിക ലഭിച്ച ശേഷം ഇടതുമുന്നണിയിലും സർക്കാരിലും ചർച്ച ചെയ്ത് തീരുമാനമെടുക്കാമെന്ന നിലപാടിലാണ് തദ്ദേശവകുപ്പ്.
