
കസാഖിസ്താനിലെ എണ്ണപ്പാടത്ത് മലയാളികളടക്കം 150ലേറെ ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നു. ടെങ്കിസ് എണ്ണപ്പാടത്ത് തദ്ദേശീയര്‍ ഉള്‍പ്പെട്ട സംഘര്‍ഷത്തെ തുടര്‍ന്നാണ് ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നത് എന്നാണ് വിവരം. ലബനീസ് തൊഴിലാളി സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ചിത്രത്തെച്ചൊല്ലി ശനിയാഴ്ച രാവിലെ മുതലാണ് സംഘര്‍ഷം ആരംഭിച്ചതെന്നാണ് റിപ്പോര്‍ട്ട്.

തദ്ദേശീയര്‍ തൊഴിലാളികളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത് പരിഭ്രാന്തി സൃഷ്ടിക്കുകയാണ്. അക്രമത്തില്‍ ചിലര്‍ക്ക് പരിക്കേറ്റതായാണ് സൂചന. ഖനിമേഖലയായതിനാല്‍ കൃത്യമായ വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.
അതിനിടെ, കസാഖിസ്താനിലെ എണ്ണപ്പാടത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ ട്വീറ്റ് ചെയ്തു. വിവരം എംബസിയെ അറിയിച്ചിട്ടുണ്ടെന്നും വേണ്ട സഹായം ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി.
