ഉത്തര്‍പ്രദേശ്: കൊടും തണുപ്പില്‍ വലയുന്ന ആനകള്‍ക്ക് ആശ്വാസവുമായി ഒരു കൂട്ടം സ്‌നേഹവതികളായ സ്ത്രീകള്‍ കമ്പിളിക്കുപ്പായവും പൈജാമയും തുന്നുന്നു. സ്വന്തം കൈകൊണ്ടാണ് ഗ്രാമവാസികളായ സ്ത്രീകള്‍ ആനകള്‍ക്കായുള്ള കുപ്പായം തുന്നിയെടുക്കുന്നത്. ഉത്തര്‍പ്രദേശിലെ മഥുരയിലുള്ള ആന സംരക്ഷണ കേന്ദ്രത്തിലെ ആനകളെ തണുപ്പില്‍ നിന്ന് രക്ഷിക്കാനായാണ് പ്രത്യേകം രൂപ കല്‍പ്പന ചെയ്ത വസ്ത്രങ്ങള്‍ തയ്യാറാക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ തണുപ്പു കാലത്തിനു ശേഷമാണ് വന്യമൃഗ കേന്ദ്രം അധികൃതര്‍ ഇത്തരത്തിലൊരു പുതിയ രീതി പരീക്ഷിക്കാന്‍ തീരുമാനിച്ചത്. പലരും കളിയാക്കിയെങ്കിലും കേന്ദ്രത്തിന്റെ സ്ഥാപകനായ കാര്‍ത്തിക് സത്യനാരായണന്‍ ഈ തീരുമാനവുമായി മുന്നോട്ട് പോവുകയായിരുന്നു. ഗ്രാമത്തിലെ നെയ്ത്തുകാരായ സ്ത്രീകള്‍ ഏറെ ആവേശത്തേടെയും സന്തോഷത്തോടെയുമാണ് ഈ ജോലികള്‍ ഏറ്റെടുത്തതെന്ന് കാര്‍ത്തിക് പറഞ്ഞു.

ഉടമസ്ഥരുടെ അവഗണനയ്ക്കും പീഡനത്തിനും ഇരയായ ഒരു കൂട്ടം ആനകളാണ് ഇവിടെയുള്ളത്. ഗ്രാമവാസികളുമായി നന്നായി ഇണങ്ങിയ ഈ ആനകളുടെ ദേഹത്ത് തുണിചുറ്റിയാണ് പൈജാമയും ലെഗ്ഗിംങ്‌സുമൊക്കെ സ്ത്രീകള്‍ കൈകൊണ്ട് തുന്നിയത്. എന്തുമായിക്കോട്ടെ വന്യമൃഗ കേന്ദ്രത്തിലെ ലക്ഷ്മിയും ഫൂല്‍കലിയും സൂസിയും മറ്റും പുതുവസ്ത്രം ധരിച്ച് ഗമയില്‍ നടക്കുകയാണിപ്പോള്‍. ഗ്രാമീണ സ്ത്രീകളുടെ ഈ സുമനസ്സിനെ ആന വളര്‍ത്തുകേന്ദ്രം അധികൃതരും മറ്റും ഹൃദയപൂര്‍വ്വം പ്രശംസിച്ചു.

