
കൊച്ചി: കേരളത്തിലെ മുതിര്‍ന്ന ഐ. പി.എസ് ഉദ്യോഗസ്ഥനും അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോസീസിന്റെ ചുമതല വഹിക്കുകയും ചെയ്യുന്ന, നിരവധി ക്രിമിനല്‍ കേസുകളുള്‍പ്പെടെ ആരോപണങ്ങള്‍ നേരിടുന്ന ടോമിന്‍ ജെ. തച്ചങ്കരിക്കെതിരെ ഹൈക്കോടതിയുടെ സുപ്രധാന വിധി. വിവിധ കേസുകളില്‍ അന്വേഷണം നിഷ്പക്ഷമായി നടക്കണമെങ്കില്‍ തച്ചങ്കരിയെ പോലീസ് ആസ്ഥാനത്ത് നിന്ന് ഒഴിവാക്കേണ്ടത് അത്യാവശ്യമാണെന്ന് ഹൈക്കോടതി പറഞ്ഞു.

ക്രമസമാധാന ചുമതലകളില്‍ നിന്നും പോലീസ് ആസ്ഥാനത്തെ ഭരണചുമതലകളില്‍ നിന്നും തച്ചങ്കരിയെ നീക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. തച്ചങ്കരി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരിക്കെ നടത്തിയ നിയമനങ്ങളില്‍ ക്രമക്കേടുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് തച്ചങ്കരിക്കും ഓഫീസിലെ മറ്റൊരു ഉദ്യോഗസ്ഥനായ ശ്രീഹരിക്കുമെതിരേ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്. ഇതിനെതിരേ ശ്രീഹരി വിജിലന്‍സ് അന്വേഷണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം.
