
ഡല്‍ഹി പോലീസിന് പ്രത്യേക അധികാരം നല്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി. ആളുകളെ കരുതല്‍ തടങ്കലില്‍ വയ്ക്കാന്‍ ഡല്‍ഹി പോലീസ് കമ്മീഷണര്‍ക്ക് അനുമതി നല്‍കുന്നതാണ് പ്രത്യേക ഉത്തരവ്. ദേശീയ സുരക്ഷ നിയമപ്രകാരമാണ് അനുമതി നല്‍കിയിരിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യതലസ്ഥാനത്ത് പ്രതിഷേധസമരങ്ങള്‍ ശക്തമാക്കുന്നതിനിടെയാണ് പുതിയ ഉത്തരവിറങ്ങിയിരിക്കുന്നത്.
12 മാസം വരെ കുറ്റങ്ങളൊന്നും ചുമത്താതെ ആളുകളെ തടവില്‍ വയ്ക്കാവുന്നതാണ് പ്രത്യേക ഉത്തരവ്. കസ്റ്റഡിയില്‍ എടുത്തത് എന്തിനാണെന്ന് പത്ത് ദിവസത്തേയ്ക്ക് അറിയിക്കണമെന്നില്ലെന്നും ഉത്തരവില്‍ പറയുന്നത്.
നാളെ മുതല്‍ നിയമം പ്രാബല്യത്തിലാകും. ഏപ്രില്‍ 18 വരെയാണ് നിയമത്തിന് പ്രാബല്യമുണ്ടാകുക. സുരക്ഷക്കായി ആരെയും കസ്റ്റഡിയില്‍ എടുക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. പുതിയ നിയമപ്രകാരം കുറ്റം ചുമത്താതെ ഒരു വര്‍ഷം വരെ വ്യക്തികളെ തടങ്കലില്‍ വെയ്ക്കാന്‍ പോലീസിന് അധികാരം നല്‍കുന്നു.

തടങ്കലില്‍ കഴിയുന്ന വ്യക്തിക്ക് അഭിഭാഷകന്‍റെ സേവനവും ലഭിക്കില്ല. ഒരു വ്യക്തി അറസ്റ്റിലായാല്‍ എന്തിനാണ് കസ്റ്റഡിയില്‍ എടുത്തതെന്ന് വ്യക്തികളെ 10 ദിവസത്തേക്ക് അറിയിക്കണമെന്നുമില്ല. 12 മാസം വരെ കുറ്റം ചുമത്താതിരിക്കാനും പോലീസിന് അധികാരമുണ്ട്. അറസ്റ്റിലായ വ്യക്തിക്ക്, അത് ചോദ്യം ചെയ്ത് കോടതിയെ സമീപിക്കാമെങ്കിലും ദേശീയ സുരക്ഷാ നിയമപ്രകാരം അഭിഭാഷകന്‍റെ സേവനം ലഭ്യമാകില്ല.
ഈ നിയമപ്രകാരം അറസ്റ്റിലായവര്‍ കോടതിയില്‍ സ്വന്തമായി കേസ് വാദിക്കേണ്ട അവസ്ഥ വരും.
പാര്‍ലമെന്റിന്‍റെ ബജറ്റ് സമ്മേളനം ജനുവരി 30 ന് ആരംഭിക്കാനിരിക്കെയാണ് കേന്ദ്രസര്‍ക്കാര്‍ ഈ ഉത്തരവ് ഇറക്കിയിരിക്കുന്നത്. പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് ഈ നിയമം അടിയന്തരമായി ഇറക്കിയതെന്നാണ് സൂചന. ദേശീയ സുരക്ഷാ നിയമപ്രകാരമാണ് കശ്മീരില്‍ ഫാറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, മെഹബുബ മുഫ്തി തുടങ്ങിയവരെ കരുതല്‍ തടങ്കലിലാക്കിയത്.
