
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ വൻ മുന്നേറ്റം പ്രവചിക്കുന്ന എക്സിറ്റ് പോളുകളെ തള്ളി ബി.ജെ.പി. എക്സിറ്റ് പോളുകൾ എല്ലായ്പ്പോഴും കൃത്യമാകണമെന്നില്ലെന്ന് ബി.ജെ.പി നേതാവ് മീനാക്ഷി ലേഖി എം.പി പറഞ്ഞു. എക്സിറ്റ് പോൾ കണക്കുകൾ കൃത്യമാകണമെന്നില്ല. വൈകീട്ട് നാല് വരെയോ അഞ്ച് വരെയോ ഉള്ള കണക്ക് മാത്രമാണ് എക്സിറ്റ് പോൾ പരിഗണിക്കുന്നത്. ബി.ജെ.പി വോട്ടർമാർ വൈകിയാണ് വോട്ടിനെത്തിയതെന്നും മീനാക്ഷി ലേഖി വിശദീകരിച്ചു.

വോട്ടെടുപ്പിന് പിന്നാലെ പാർട്ടി എം.പിമാരുടെയും ഡൽഹിയിലെ മുതിർന്ന നേതാക്കളുടെയും യോഗം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ചുചേർത്തിരുന്നു. എക്സിറ്റ് പോൾ ഫലങ്ങൾ യോഗം ചർച്ചചെയ്തു. അരവിന്ദ് കെജരിവാളിന്‍റെ ആം ആദ്മി സർക്കാർ മികച്ച ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്തുമെന്നാണ് മിക്ക എക്സിറ്റ് പോളുകളും പ്രവചിച്ചത്. ഫെബ്രുവരി 11നാണ് വോട്ടെണ്ണൽ. 70 അംഗ നിയമസഭയിൽ ഭൂരിപക്ഷത്തിന് 36 സീറ്റാണ് ആവശ്യം. 2015ലെ തെരഞ്ഞെടുപ്പിൽ 67 സീറ്റിൽ ജയിച്ചാണ് ആം ആദ്മി ചരിത്രം സൃഷ്ടിച്ചത്.
