ഡൽഹി തൂത്തുവാരി ആപ്: അഭിനന്ദിച്ച് പിണറായി, വര്‍ഗീയ പ്രീണനത്തിന് എതിരായുള്ള വിധിയെഴുത്ത്

  • Post category:news
  • Reading time:1 min read
You are currently viewing ഡൽഹി തൂത്തുവാരി ആപ്: അഭിനന്ദിച്ച് പിണറായി, വര്‍ഗീയ പ്രീണനത്തിന് എതിരായുള്ള വിധിയെഴുത്ത്

ആംആദ്മി പാര്‍ട്ടിയുടെ വിജയത്തെ അഭിനന്ദിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന് ആവേശം പകരുന്ന വിജയമാണ് കെജ്രിവാളിന്റേതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് രാജ്യത്തെ വര്‍ഗീയ പ്രീണനത്തിന് എതിരായുള്ള വിധിയെഴുത്താണ്. ആം ആദ്മിയുടെ വിജയത്തില്‍ നിന്നും കോണ്‍ഗ്രസും പാഠം പഠിക്കണം. ബി.ജെ.പിക്കെതിരെ ആര് നിന്നാലും ജനം അവരെ വിജയിപ്പിക്കും. കോണ്‍ഗ്രസും എ.എ.പിക്കൊപ്പം നിന്നിരുന്നെങ്കില്‍ ബി.ജെ.പിക്ക് നിലവിലുള്ള സീറ്റ്പോലും ലഭിക്കുമായിരുന്നില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

ബി.ജെ.പിയുടെ ജനദ്രോഹ നടപടികള്‍ക്ക് ബദലായി നില്‍ക്കാന്‍ ഒരു ശക്തിയുണ്ടോ അതിനെ ജനങ്ങള്‍ വിജയിപ്പിക്കും. അതാണ് ഡല്‍ഹിയിലുണ്ടായത്. കെജ്രിവാളിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വികസനത്തിന് വേണ്ടി മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെച്ചത്. അത് അംഗീകരിക്കുകയാണ് ചെയ്യേണ്ടത്. അത് മനസ്സിലാക്കി നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നുവെങ്കില്‍ അവിടെ യോജിച്ച് മത്സരിക്കാന്‍ കഴിയുമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡല്‍ഹി തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്രിവാളിന്‍റെ ലീഡ് പതിനായിരം കടന്നിരിക്കുന്നു. വീണ്ടും ഭരണം ഉറപ്പിച്ചിരിക്കുകയാണ് ആംആദ്മിപാര്‍ട്ടി. ബി.ജെ.പിയുടെ നേട്ടം എട്ട് സീറ്റിലൊതുങ്ങി. സമീപകാലത്തെ ഏറ്റവും വലിയ തകര്‍ച്ചയാണ് ബി.ജെ.പി നേരിട്ടത്. വോട്ടെണ്ണല്‍ അവസാന മണിക്കൂറിലേക്ക് നീങ്ങുമ്പോള്‍ കോണ്‍ഗ്രസ് എല്ലായിടത്തും പരാജയപ്പെട്ടിരിക്കുന്നു. മത്സരിച്ച എല്ലാ ആപ് മന്ത്രിമാരും ജയത്തിലേക്ക് അടുക്കുകയാണ്.

0Shares