ഡോ.എസ്.പി.സിങ് ഒബ്റോയിയുടെ ഇടപെടല്‍ ഫലിച്ചു; ഷാര്‍ജ ജയിലില്‍ വധശിക്ഷയ്ക്ക് വിധിച്ച ഇന്ത്യക്കാരന് മോചനം

  • Post category:news
  • Reading time:1 min read
You are currently viewing ഡോ.എസ്.പി.സിങ് ഒബ്റോയിയുടെ ഇടപെടല്‍ ഫലിച്ചു; ഷാര്‍ജ ജയിലില്‍ വധശിക്ഷയ്ക്ക് വിധിച്ച ഇന്ത്യക്കാരന് മോചനം

ഷാര്‍ജ: കൊലക്കുറ്റത്തിന്റെ പേരില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ഷാര്‍ജ ജയിലില്‍ കഴിഞ്ഞ ഇന്ത്യക്കാരന് മോചനം.
കേസിനാസ്പദമായ ഈ സംഭവം 2007 ഒക്ടോബറിലായിരുന്നു നടന്നത്. മദ്യക്കടത്തുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനൊടുവില്‍ സ്വന്തം നാട്ടുകാരനായ മന്‍ദീപ് സിങിനെ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. പഞ്ചാബ് കപൂര്‍തല സ്വദേശിയാണ് വധശിക്ഷയില്‍ നിന്ന് മോചനം ലഭിച്ച സന്ദീപ് സിങ്. മരിച്ചയാളുടെ കുടുംബം പ്രതിക്ക് മാപ്പ് നല്‍കാന്‍ തയ്യാറല്ലായിരുന്നു. എന്നാല്‍ മാതാപിതാക്കള്‍ മരിച്ചുപോയ സന്ദീപിനു വേണ്ടി ‘സര്‍ബത് ദാ ബലാ’ ചാരിറ്റബിള്‍ ട്രസ്റ്റ് മേധാവിയായ ഒബ്റോയി വീട്ടിലെത്തി നടത്തിയ ചര്‍ച്ചയ്ക്ക് ഒടുവില്‍ ഫലം കണ്ടു. ജീവകാരുണ്യ പ്രവര്‍ത്തകനും വ്യവസായിയുമാണ് ഡോ. എസ്.പി.സിങ് ഒബ്റോയി. ഷാര്‍ജ കോടതി വിധിച്ച വധശിക്ഷ പിന്നീട് ഫെഡറല്‍ കോടതിയും ശരിവച്ചു. മരിച്ചയാളുടെ കുടുംബം മാപ്പു നല്‍കാന്‍ സമ്മതിച്ചെങ്കിലും രേഖകള്‍ ശരിപ്പെടുത്താന്‍ പിന്നെയും സമയം വേണ്ടിവന്നു. ഒത്തുതീര്‍പ്പ് സംബന്ധിച്ച രേഖകള്‍ 2013 ല്‍ ഷാര്‍ജ കോടതിയിലും സുപ്രീം കോടതിയിലും സമര്‍പ്പിച്ചിരുന്നു. വീണ്ടും കോടതി രേഖകള്‍ 2018 ഏപ്രിലില്‍ നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. അതേ മാസം തന്നെ ഇയാളുടെ ശിക്ഷ മൂന്ന് വര്‍ഷമാക്കാന്‍ ഷാര്‍ജ കോടതി നിര്‍ദേശിക്കുകയായിരുന്നു. കടമ്പകള്‍ കടന്നാണ് പ്രതിയെ ഈമാസം വിടുന്നതിന് ഉത്തരവ് വന്നത്. ഒബ്റോയിയുടെ ഇടപെടലില്‍ ജീവിതം തിരിച്ചു കിട്ടിയ 94ാ മത്തെ ആളാണ് സന്ദീപ് സിങ്. ഇന്ത്യന്‍ കോണ്‍സുലേറ്റണ് സന്ദീപിന് യാത്രചെയ്യാനുള്ള രേഖകള്‍ നല്‍കിയത്. അമൃത്സര്‍ വിമാനത്താവളത്തില്‍ സഹോദരങ്ങളും കുടുംബാംഗങ്ങളും ചേര്‍ന്ന് ഇയാളെ സ്വീകരിച്ചു.

0Shares