കൊച്ചി: ഡേ കെയറില്‍ ഏല്‍പിച്ച പിഞ്ചു കുഞ്ഞിനെ അടിക്കുകയും ചീത്ത പറയുകയും ചെയ്യുന്ന വീഡിയോ പുറത്തു വന്നു. പാലാരിവട്ടത്തുള്ള കളിവീട് എന്ന ഡേ കെയറിലാണ് ഒന്നര വയസുള്ള കുട്ടിയെ നടത്തിപ്പുകാരി മര്‍ദിച്ചത്. ഇത് സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് ആണ് ആദ്യം ദൃശ്യങ്ങള്‍ സഹിതം വാര്‍ത്ത പുറത്തുവിട്ടത്. പിന്നീട് മറ്റു മാധ്യമങ്ങള്‍ക്കും ദൃശ്യം ലഭിച്ചതോടെ വാര്‍ത്ത എല്ലാവരും ഏറ്റടുക്കുകയായിരുന്നു. കുട്ടിയെ അടിക്കുന്ന ദൃശ്യങ്ങള്‍ രക്ഷിതാക്കള്‍ പോലീസിന് കൈമാറി. സംഭവത്തില്‍ ഡേകെയറിന്റെ നടത്തിപ്പുകാരി മിനിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കഴിഞ്ഞ കുറെ നാളുകളായി ഇവിടെ കുട്ടികള്‍ക്ക് മര്‍ദനമേല്‍ക്കുന്നതായി ആരോപണമുണ്ടായിരുന്നു. ഇതിനിടെയാണ് വീഡിയോ പുറത്തുവന്നത്.
20 ലധികം കുട്ടികളാണ് ഈ സ്ഥാപനത്തിലുള്ളത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ പാലാരിവട്ടം പോലീസും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും ഡേ കെയറില്‍ പരിശോധന നടത്തി. വീഡിയോയുടെ അടിസ്ഥാനത്തില്‍ സ്ഥാപനമുടമയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഒരു മാസത്തേക്ക് 1500 മുതല്‍ 3500 രൂപ വരെ ഫീസ് വാങ്ങിയാണ് ഇവിടെ കുട്ടികളെ പ്രവേശിപ്പിക്കുന്നത്. കുട്ടികളുടെ ശരീരത്തില്‍ പാടുകള്‍ കണ്ടാണ് രക്ഷിതാക്കള്‍ക്ക് സംശയം തോന്നിതുടങ്ങിയത് അന്വേഷിച്ചാല്‍ യാതൊരു പ്രശ്‌നവുമില്ലെന്നും കുട്ടികള്‍ വീണപ്പോഴുണ്ടാകുന്ന പാടാണെന്നുമൊക്കെ പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു എന്നും പറയപ്പെടുന്നു. മാസം പണം വാങ്ങി നടത്തുന്ന ഇത്തരം സ്ഥാപനത്തിലെ ക്രൂരതക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.