
കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിന്‍റെ അറസ്റ്റില്‍ കര്‍ണാടകയില്‍ വ്യാപക പ്രതിഷേധം. ബെംഗളൂരു ഉള്‍പ്പെടെയുള്ള പ്രധാന മേഖലകളിലെല്ലാം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി.കനകാപുരയില്‍ കര്‍ണാടക ആര്‍.ടി.സി. ബസുകള്‍ക്ക് നേരേ കല്ലേറുണ്ടായി. ഒരു ബസ് അടിച്ചുതകര്‍ത്തതായും മറ്റൊരു ബസിന്റെ ചില്ലുകള്‍ തകര്‍ന്നതായും കര്‍ണാടക ആര്‍.ടി.സി. പി.ആര്‍.ഒ. അറിയിച്ചു. സാഹചര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും വിവിധയിടങ്ങളിലെ സ്ഥിതിഗതികള്‍ കണക്കിലെടുത്ത് ബസ് സര്‍വീസുകള്‍ നിര്‍ത്തിവെയ്ക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അതത് ഡിവിഷണല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, മൈസൂരു-ബെംഗളൂരു റൂട്ടില്‍ ബസ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചതായും മൈസൂരു-ബെംഗളൂരു ദേശീയപാത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിക്കുകയാണെന്നും ടെലിവിഷന്‍ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കർണാടകയിലും കോൺഗ്രസ് പ്രവർത്തകർ രാത്രി പ്രതിഷേധ പ്രകടനവും ധർണയും നടത്തി. അറസ്റ്റിൽ പ്രതിഷേധിച്ച് കർണാടക കോൺഗ്രസ് ഘടകം ബുധനാഴ്ച സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ പ്രതിപക്ഷ നേതാക്കളെ അടിച്ചമർത്തുകയാണെന്ന് കർണാടക മുൻ മുഖ്യമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി. കുമാരസ്വാമി പ്രതികരിച്ചു.

2017ൽ രാജ്യസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഗുജറാത്തിൽ നിന്നുള്ള 47 കോൺഗ്രസ് എം.എൽ.എമാരെ ബിഡദിയിലെ ഈഗിൾട്ടൻ റിസോർട്ടിൽ ശിവകുമാറിന്‍റെ നേതൃത്വത്തിൽ താമസിപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് ആദായനികുതി വകുപ്പ് റെയ്ഡുകൾക്ക് തുടക്കമിട്ടത്. കർണാടകത്തിലെ കോൺഗ്രസ് നേതാവ് ഡി. കെ ശിവകുമാറിനെ അറസ്റ്റ് ചെയ്ത് പുറത്തിറക്കിയപ്പോൾ അരങ്ങേറിയത് വലിയ പ്രതിഷേധമാണ് . ശിവകുമാറിനെ മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടുപോകവെ എൻഫോഴ്‍സ്മെന്‍റ് വാഹനത്തിന് ചുറ്റും വളഞ്ഞ കോൺഗ്രസ് പ്രവർത്തകർ കാർ തടഞ്ഞു. വലിയ രീതിയിൽ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
രാത്രി ഒമ്പത് മണിയോടെ പുറത്തിറക്കിയ ശിവകുമാറിനെ കോൺഗ്രസ് പ്രവർത്തകർ വളയുകയായിരുന്നു. തുടർന്ന് തിരക്കിനിടയിലൂടെ ഏറെ ബുദ്ധിമുട്ടിയാണ് എൻഫോഴ്‍സ്മെന്‍റ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ വാഹനത്തിന് അടുത്തെത്തിച്ചത്. പ്രവർത്തകരോട് ശാന്തരാകാൻ ആവശ്യപ്പെട്ട ശിവകുമാർ കാറിന് മുകളിൽ കയറി പ്രവർത്തകരെ അഭിവാദ്യം ചെയ്തു. ‘തംബ്‍സ് അപ്പ്’ കാണിക്കുകയും ചെയ്തു.
‘എന്നെ അറസ്റ്റു ചെയ്യുകയെന്ന ദൗത്യത്തിൽ ഒടുവിൽ വിജയം കൈവരിച്ച ബി.ജെ.പി നേതാക്കളെ അഭിനന്ദിക്കുന്നു. എനിക്കെതിരെയുള്ള ആദായനികുതി വകുപ്പിന്‍റെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്‍റെയും കേസുകൾ രാഷ്ട്രീയ പ്രേരിതമാണ്.ഞാൻ ബി.ജെ.പിയുടെ രാഷ്ട്രീയ പ്രതികാരത്തിനും കുടിപ്പകയ്ക്കും ഇരയാണ്. ദൈവത്തിലും നീതിന്യായ വ്യവസ്ഥയിലും പൂർണ വിശ്വാസമുണ്ട്. പ്രതികാര രാഷ്ട്രീയത്തിനെതിരെ നിയമപരമായും രാഷ്ട്രീയമായും വിജയം വരിക്കുമെന്ന് പൂർണവിശ്വാസമുണ്ട്’ – ശിവകുമാർ ട്വിറ്ററിൽ കുറിച്ചു. ആഗസ്റ്റ് 21-ന് രാത്രി മുൻധനമന്ത്രി പി. ചിദംബരത്തിന്‍റെ വസതിയിലുണ്ടായ നാടകീയ സംഭവങ്ങൾക്ക് സമാനമായ തരത്തിലുള്ള സംഭവങ്ങളാണ് ഇവിടെയും നടന്നത്.
