
കണ്ണൂര്‍: ഡിഫ്ത്തീരിയ ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു. പേരാവൂര്‍ സ്വദേശി ഉദയന്റെയും തങ്കമണിയുടെയും മകള്‍ ശ്രീപാര്‍വതി (14) ആണ് പുലര്‍ച്ചെ മരിച്ചത്. കണ്ണൂര്‍ ജില്ലയില്‍ സമീപകാലത്ത് രണ്ട് ഡിഫ്ത്തീരിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെങ്കിലും ഡിഫ്ത്തീരിയ ബാധിച്ച് മരണം വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ്.
സ്‌കൂളില്‍ നിന്ന് കഴിഞ്ഞമാസം 10-ന് ബെംഗളൂരുവിലേക്ക് വിനോദയാത്രയ്ക്ക് പോയി തിരികെ വന്നതിന് ശേഷം ശ്രീപാര്‍വതിക്ക് പനിയും ചുമയും പിടിപെട്ടു. തുടര്‍ന്ന് അസുഖം കൂടുതലായതിനാല്‍ പേരാവൂരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
എന്നാല്‍ ഗുരുതരാവസ്ഥയിലായതോടെ കോഴിക്കോട് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പരിശോധനയില്‍ ഡിഫ്ത്തീരിയ സ്ഥിരീകരിക്കുകയുമായിരുന്നു. പേരാവൂര്‍ ശാന്തിനികേതന്‍ ഇംഗ്ലീഷ് സ്‌കൂള്‍ വിദ്യാര്‍ഥിനിയായിരുന്നു. സംഭവത്തെ തുടര്‍ന്ന് സ്‌കൂളിലും വിദ്യാര്‍ഥിനിയുടെ വീടിന് സമീപത്തെ പ്രദേശങ്ങളിലും ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി. സ്‌കൂളിലെ വിദ്യാര്‍ത്ഥികളടക്കം നാനൂറോളം പേര്‍ക്ക് വാക്സിനേഷന്‍ നല്കുകയും പ്രതിരോധ ഗുളികകള്‍ വിതരണം ചെയ്യുകയും ചെയ്തു. രോഗം റിപോര്‍ട്ട് ചെയ്യപ്പെട്ട മേഖലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. പനി, തൊണ്ടവേദന, തൊണ്ടവീക്കം തുടങ്ങിയ രോഗലക്ഷങ്ങള്‍ ഉള്ളവരെ തുടര്‍ന്നും നിരീക്ഷണവിധേയമാക്കും. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ആവശ്യത്തിന് ‘ആന്റി ടോക്‌സിന്‍’ മരുന്നുകള്‍ പ്രധാനപ്പെട്ട സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാണ്. 2016 ജൂലൈയില്‍ പെരിങ്ങളം പ്രാഥമികാരോഗ്യ കേന്ദ്രം പരിധിയിലെ പെരിങ്ങത്തൂരില്‍ ഏഴുവയസ്സുകാരന് ഡിഫ്ത്തീരിയ സ്ഥിരീകരിച്ചിരുന്നു.
‘കൊറൈന്‍ ബാക്ടീരിയം ഡിഫ്ത്തീരിയെ’ എന്ന ബാക്ടീരിയ ഉണ്ടാക്കുന്ന ഈ രോഗം ബാധിച്ചാല്‍ മരണം വരെ സംഭവിക്കാം. തൊണ്ടയില്‍ രൂപപ്പെടുന്ന വെളുത്ത പാടയില്‍നിന്ന് ടോക്‌സിന്‍ (വിഷം) വൃക്കയിലേക്കും ഹൃദയത്തിലേക്കും ബാധിക്കുന്നതാണ് ഡിഫ്ത്തീരിയയെ മാരകമാക്കുന്നത്. പ്രതിരോധ കുത്തിവയ്പിന്റെ തോത് കുറഞ്ഞ മേഖലകളിലാണ് സാധാരണയായി ഈ രോഗം കാണപ്പെടുന്നത്. മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഇതിനകം ഡിഫ്ത്തീരിയ കേസുകള്‍ സ്ഥിരീകരിക്കപ്പെടുകയും മരണങ്ങള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. പ്രതിരോധ കുത്തിവയ്പിലൂടെ ഈ മാരകരോഗം പൂര്‍ണമായും തടയാം. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ദേശീയ രോഗപ്രതിരോധ പട്ടിക പ്രകാരമുള്ള കുത്തിവയ്പുകള്‍ സൗജന്യമായി നല്‍കുന്നുണ്ട്.
