ന്യൂഡല്‍ഹി: മാള്‍വീയ നഗറില്‍ മദ്രസാ വിദ്യാര്‍ഥിയായ എട്ട് വയസുകാരനെ പരിസരവാസികളായ ആണ്‍കുട്ടികള്‍ ചേര്‍ന്ന് തല്ലികൊന്നു. ദസ് ഉള്‍ ഉലൂം ഫരീദിയ മദ്രസയിലെ വിദ്യാര്‍ത്ഥിയായ ഹരിയാന സ്വദേശി മുഹമ്മദ് അസീം എന്ന എട്ടു വയസുകാരനാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാവിലെ 10 മണിക്കാണ് സംഭവം. സംഭവത്തില്‍ നാല് ആണ്‍കുട്ടികളെ അറസ്റ്റ് ചെയ്യുകയും ജുവനൈല്‍ ഹോമിലേക്ക് മാറ്റുകയും ചെയ്തതായി ഡി.സി.പി വിജയകുമാര്‍ പറഞ്ഞു. മദ്രസയിലെ കുട്ടികളുമൊത്ത് കളിക്കുകയായിരുന്ന അസീമിനെ പുറത്തുനിന്ന് വന്ന കുറച്ച് കുട്ടികള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. അക്രമികളില്‍ ഒരാള്‍ സൈക്കിള്‍ ഉപയോഗിച്ച് തലയില്‍ അടിച്ചതോടെ അസീം ബോധരഹിതനായി നിലത്തുവീഴുകയായിരുന്നവെന്ന് കെയര്‍ടേക്കറായ മൗലാന അലി ജൗഹര്‍ പറഞ്ഞു. കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സ്ഥിരമായി ഭൂമിയെ ചൊല്ലി തര്‍ക്കം നിലനില്‍ക്കുന്ന സ്ഥലമാണിത്. കഴിഞ്ഞ കുറച്ച് മാസത്തിനുള്ളില്‍ 15 ഓളം പരാതികളാണ് ഇതുസംബന്ധിച്ച് ലഭിച്ചിട്ടുള്ളതെന്നും ഡി.സി.പി പറഞ്ഞു. എട്ടു മുതല്‍ 12 വയസുവരെയുള്ള കുട്ടികളാണ് അസീമിനെ ആക്രമിച്ചത്. സ്ഥലത്തു നിന്ന് ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണെന്നും ഡി.സി.പി വിജയകുമാര്‍ വ്യക്തമാക്കി. അസീമിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയക്കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെട്ടതായി പൊലീസ് പറഞ്ഞു.
ഡല്‍ഹിയില്‍ മദ്രസ വിദ്യാര്‍ത്ഥിയെ അടിച്ചു കൊന്നു; കാരണമിതാണ്