
തിരുവനന്തപുരം: ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകള്‍ക്ക് പുറമേ, മലയാളം ഉള്‍പ്പെടെയുള്ള പ്രാദേശികഭാഷകളിലും ട്രെയിന്‍ ടിക്കറ്റ് ലഭ്യമാക്കാനൊരുങ്ങി റെയില്‍വേ. കൗണ്ടറുകളില്‍നിന്ന് നേരിട്ടെടുക്കുന്ന ടിക്കറ്റുകളാകും പ്രാദേശിക ഭാഷകളില്‍ ലഭ്യമാകുക. ഇതു സംബന്ധിച്ച് സോണുകള്‍ക്കും ഡിവിഷനുകള്‍ക്കും റെയില്‍വേ ഇതിനോടകം നിര്‍ദേശം നല്‍കിയിട്ടുണ്ട്. അന്തര്‍ സംസ്ഥാന യാത്രകളില്‍ ഏത് സംസ്ഥാനത്തുനിന്ന് ടിക്കറ്റെടുക്കുന്നെന്നതിനെ ആശ്രയിച്ചാവും ടിക്കറ്റിലെ ഭാഷ. അതേസമയം, ഓണ്‍ലൈനായി ബുക്ക് ചെയ്യുന്ന ടിക്കറ്റുകളില്‍ പ്രാദേശിക ഭാഷ സംവിധാനം ലഭ്യമാകില്ല.

കര്‍ണാടകയും തമിഴ്നാടുമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വര്‍ഷങ്ങളായി ഇതേ ആവശ്യമുയരുന്നുണ്ടിയിരുന്നെങ്കിലും പ്രാദേശിക ഭാഷകള്‍ വേണ്ടെന്ന കടുംപിടിത്തത്തിലായിരുന്നു റെയില്‍വേ. ഇന്ത്യന്‍ റെയില്‍വേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റിയുടെയടക്കം ഇടപെടലാണ് പുതിയ തീരുമാനത്തിന് കാരണമായത്.
പ്രാദേശിക ഭാഷയെന്ന വാദം ശക്തമായപ്പോള്‍ വര്‍ഷങ്ങളായി രണ്ടു ഭാഷകളില്‍ മാത്രം ജോലി ചെയ്ത ഉദ്യോഗസ്ഥരുടെ ബുദ്ധിമുട്ടായിരുന്നു റെയില്‍വേ ആദ്യം ഉന്നയിച്ചത്. ഒപ്പം നിലവില്‍ ഉപയോഗിക്കുന്ന സോഫ്റ്റ്വെയറില് കൂടുതല്‍ ഭാഷകള്‍ ഉള്‍പ്പെടുത്താന്‍ പ്രയാസമുണ്ടെന്ന കാര്യവും. അതേസമയം, സമ്മര്‍ദം ശക്തമായതിനു പുറമേ, പ്രാദേശിക ഭാഷകളിലുള്ള പരസ്യങ്ങള്‍ക്ക് കൂടി സാധ്യതയുണ്ടെന്നത് തിരിച്ചറിഞ്ഞാണ് ബോര്‍ഡിന്റെ പുതിയ നിലപാട്.വരും മാസങ്ങളില്‍തന്നെ സോഫ്റ്റ്വെയര് പരിഷ്കാരം പൂര്‍ത്തിയാക്കി സൗകര്യം പ്രാബല്യത്തില്‍ കൊണ്ടുവരാനാണ് ആലോചിക്കുന്നത്.
