ന്യൂഡല്‍ഹി: ട്രംപിനെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി പക്ഷെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അല്ല. ഉത്തര ഡല്‍ഹിയിലെ റൂപ് നഗര്‍ സ്വദേശിയുടെ വളര്‍ത്തുനായ ആയ ‘ട്രംപി’നെയാണ് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്. കഴിഞ്ഞദിവസം വൈകിട്ട് വീട്ടിലെ സുരക്ഷാ ഗാര്‍ഡിനൊപ്പം നടക്കുന്നതിനിടെയാണ് ഒന്‍പതു വയസ്സുകാരനായ ട്രംപിനെ കടത്തിക്കൊണ്ടുപോയത്. മഹേന്ദ്ര നാഥ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ട്രംപ്. ഉടമ തന്നെയാണ് ട്രംപിനെ നടത്താന്‍ കൊണ്ടുപോകാന്‍ സെക്യൂരിറ്റി ഓംവീറിനോട് ആവശ്യപ്പെട്ടത്.

നടന്നുപോകുമ്പോള്‍ കാറിലെത്തിയ രണ്ടു പേര്‍ ട്രംപിനെ തന്റെ പക്കല്‍ നിന്നും തട്ടിപ്പറിച്ചുകൊണ്ടു പോകുകയായിരുന്നുവെന്നും ഇവരുടെ കാറിനു പിന്നാലെ ഓടിയെത്താന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നുവെന്നും ഓംവീര്‍ പോലീസിനോട് പറഞ്ഞു. ട്രംപിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഓംവീറിനും പരിക്കേറ്റു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മോഷ്ടാക്കളെ തിരിച്ചറിയാന്‍ പോലീസ് പ്രദേശത്തെ സിസിടിവി ക്യാമറകളും പരിശോധിക്കുന്നുണ്ട്. കാറിന്റെ രജിസ്റ്റര്‍ നമ്പര്‍ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. അതേസമയം, തന്റെ ട്രംപിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് ഉടമ 11,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു.