ടോണി കുരിശിങ്കലായി ലാലേട്ടന്‍ വീണ്ടും എത്തുന്നു; ചിത്രത്തില്‍ മമ്മൂക്ക എത്തുമോ? ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു

  • Post category:news
  • Reading time:1 min read
You are currently viewing ടോണി കുരിശിങ്കലായി ലാലേട്ടന്‍ വീണ്ടും എത്തുന്നു; ചിത്രത്തില്‍ മമ്മൂക്ക എത്തുമോ? ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു

കൊച്ചി: മലയാളക്കരയില്‍ വന്‍ ഹിറ്റായ ചിത്രമാണ് ജോഷിയുടെ നമ്പര്‍ 20 മദ്രാസ് മെയില്‍. മോഹന്‍ലാല്‍ ടോണി കുരിശിങ്കലായി മിന്നിത്തിളങ്ങിയ ചിത്രത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി, മമ്മൂട്ടിയായി അതിഥി വേഷത്തിലായിരുന്നു എത്തിയത് . ടോണി കുരിശിങ്കലായി ലാലേട്ടന്‍ വീണ്ടും എത്തുന്നുവെന്നത് ആരാധകരെ ആവേശത്തിലാക്കുകയാണ്. രജീഷ് മിഥില സംവിധാനം ചെയ്യുന്ന ‘വാരിക്കുഴിയിലെ കൊലപാതകം’ എന്ന ചിത്രത്തിലാണ് ടോണി കുരിശിങ്കലായി വീണ്ടും മോഹന്‍ലാല്‍ എത്തുക. ഹിച്ച്കോക്ക് കഞ്ഞിക്കുഴി എന്ന കഥാപാത്രമെഴുതുന്ന നോവലിന്റെ പേരാണ് ‘വാരിക്കുഴിയിലെ കൊലപാതകം’. നമ്പര്‍ 20 മദ്രാസ് മെയിലിലെ മണിയന്‍പിള്ള രാജുവിന്റെ കഥാപാത്രമാണ് വാരിക്കുഴിയിലെ കൊലപാതകത്തിന്റെ ശില്‍പ്പി. ആ ടൈറ്റിലിലാണ് രജീഷ് മിഥില സിനിമ ഒരുക്കുന്നത്. മണിയന്‍ പിള്ളയും ജഗദീഷും എല്ലാം ഇക്കുറിയും ഉണ്ടാകും. ഏതായാലും വാരിക്കുഴിയിലെ കൊലപാതകം വൈക്കത്ത് ചിത്രീകരണം പുരോഗമിക്കുകയാണ്.ചിത്രത്തില്‍ ദിലീഷ് പോത്തനും അമിത് ചക്കാലയ്ക്കലുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അമീര നായികയാകുന്ന ചിത്രത്തില്‍ നെടുമുടി വേണു, ഷമ്മി തിലകന്‍, നന്ദു തുടങ്ങിയവരും വേഷമിടുന്നുണ്ട്. എന്നാല്‍ നായകന് പകരം അതിഥി വേഷത്തിലാകും ടോണി കുരിശിങ്കലായി ലാലേട്ടന്‍ എത്തുക. നമ്പര്‍ 20 മദ്രാസ് മെയിലില്‍ അപകടഘട്ടത്തില്‍ ടോണി കുരിശിങ്കലിനും കൂട്ടുകാര്‍ക്കും രക്ഷകനായെത്തിയ മെഗാസ്റ്റാര്‍ മമ്മൂട്ടി ഇക്കുറിയും എത്തുമോയെന്നതാണ് ആരാധകര്‍ക്ക് അറിയാനുള്ളത്. മമ്മൂട്ടി എത്തുമോയെന്ന കാര്യം അണിയറപ്രവര്‍ത്തകര്‍ സസ്‌പെന്‍സാക്കി വച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ മമ്മൂട്ടിയുടെ ആരാധകരുടെ കാത്തിരിപ്പ് തുടരും.

0Shares