ദോഹ: കടല്‍ക്കൊള്ളക്കാരെന്ന് ആരോപിച്ച് ആഫ്രിക്കന്‍ രാജ്യമായ ടോഗോയില്‍ തടവിന് ശിക്ഷിക്കപ്പെട്ട നിരപരാധികളായ അഞ്ച് മലയാളികളെ മോചിപ്പിച്ചു. കൊച്ചി സ്വദേശികളായ ഗോഡ്വിന്‍ ആന്റണി, തരുണ്‍ ബാബു, നിധിന്‍ ബാബു, ഷാജി അബ്ദുള്ളക്കുട്ടി, നവീന്‍ ഗോപി എന്നിവരെയാണ് മോചിപ്പിച്ചത്. 2013 ല്‍ കപ്പലിന്റെ അറ്റകുറ്റപ്പണിക്ക് എന്ന തസ്തികയില്‍ ജോലി നല്‍കി മലയാളിയായ അരുണ്‍ ആയിരുന്നു ഇവരെ ടോഗോയില്‍ കൊണ്ടു വന്നത്. എന്നാല്‍ 2013 ജൂലൈ 18 ന് ഇവരെ ടോഗോ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് 2015ല്‍ കോടതി കുറ്റക്കാരെന്ന് വിധിച്ച് ഇവരെ നാലുവര്‍ഷം തടവിന് ശിക്ഷിച്ചു.

കേരള സര്‍ക്കാരിന്റെ പ്രതിനിധിയായ ഖത്തറിലെ പ്രമുഖ അഭിഭാഷകന്‍ നിസാര്‍ കേച്ചേരി ആയിരുന്നു അപ്പീല്‍ കോടതിയില്‍ ഇവരുടെ കേസ് കൈകാര്യം ചെയ്തിരുന്നത്. ശിക്ഷാ കാലാവധി രണ്ടു വര്‍ഷം കൂടി ശേഷിക്കുമ്പോഴാണ് മോചനം. ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങിയിരിക്കുകയാണ്. ഇതാദ്യമായാണ് ആഫ്രിക്കന്‍ രാജ്യം ഒരു മലയാളി അഭിഭാഷകനെ കോടതിയില്‍ വാദിക്കാന്‍ അനുവദിക്കുന്നത്.