കൊച്ചി: പാര്‍വതി, ഫഹദ്, ചാക്കോച്ചന്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി മഹേഷ് നാരായണന്‍ ഒരുക്കിയ ‘ടേക്ക് ഓഫ്’ സിനിമയെ പ്രശംസിച്ച് മഞ്ജു വാര്യര്‍. ഉജ്ജ്വലം എന്നാണ് ചിത്രത്തെ മഞ്ജു വിശേഷിപ്പിച്ചത്. ചാക്കോച്ചനും ഫഹദും മത്സരിച്ചഭിനയിച്ചെന്നും പാര്‍വതിയുടെ പ്രകടനത്തിന് പ്രശംസകളൊന്നും മതിയാകില്ലെന്നും മഞ്ജു പറഞ്ഞു. മലയാള സിനിയിലെ അന്തര്‍ദേശീയ നിലവാരമുള്ള ചിത്രം എന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് ടേക്ക് ഓഫ്.

ഈ വിജയം ആകാശത്തേക്ക് ടേക്ക് ഓഫ് ചെയ്യപ്പെടുമ്പോള്‍ അതിന്റെ ചരിവിലെവിടെയോ ഉണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്ന രാജേഷ് പിള്ളയെ തന്നെയാകും അത് ഏറ്റവും കൂടുതല്‍ സന്തോഷിപ്പിക്കുക. ചാക്കോച്ചനും ഫഹദും മത്സരിച്ചഭിനയിച്ചു. പാര്‍വതിയുടെ പ്രകടനത്തിന് പ്രശംസകളൊന്നും മതിയാകില്ല. അത്രയും അവിസ്മരണീയമാണത്. ആസിഫും വളരെനന്നായി. മഹേഷ് നാരായണന്‍ എന്ന ഫിലിംമേക്കര്‍ എല്ലാം അംശങ്ങളിലും നിറഞ്ഞുനില്‍ക്കുന്നു. ഈ ചിത്രമൊരുക്കാന്‍ മുന്നില്‍ നിന്ന നിര്‍മ്മാതാവ് ആന്റോ ജോസഫും അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും മഞ്ജു വാര്യര്‍ തന്റെ ഫെയ്‌സ് ബുക്ക് പേജില്‍ പറഞ്ഞു.