
കൊച്ചി: നടിയെ മാനഭംഗപ്പെടുത്തി വിഡിയോ പകർത്താനുള്ള ക്വട്ടേഷൻ 1.5 കോടി രൂപയ്ക്കാണ് ദിലീപ് സുനിക്കു നൽകിയതെന്ന് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. ടെമ്പോ ട്രാവലറിലിട്ട് നടിയെ മാനഭംഗപ്പെടുത്താനായിരുന്നു ആദ്യത്തെ പദ്ധതി.നടി വിവാഹിതയാകുന്നതിനാൽ കൃത്യം ഉടൻ വേണമെന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നു . സിനിമാരംഗം ഉപേക്ഷിക്കും മുമ്പ് ക്വട്ടേഷൻ നടപ്പാക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു . ഗോവയിൽ വച്ചും നടിയെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ദിലീപിന്റെ നിർദേശപ്രകാരം നടന്ന ആദ്യ ശ്രമമായിരുന്നു ഇത്. ടെമ്പോ ട്രാവലറിൽ വച്ച് കൂട്ട ബലാൽസംഗത്തിനായിരുന്നു ആലോചന.

ഇതിനായി വാഹനത്തിന്റെ മധ്യത്തിൽ സ്ഥലവും ഒരുക്കിയിരുന്നു.ഡ്രൈവർ ക്യാബിനിൽനിന്ന് ഇവിടേക്ക് കടക്കാനുള്ള ക്രമീകരണവും നടത്തി. ‘ഹണി ബീ ടു’ എന്ന ചിത്രത്തിന്റെ ഗോവയിലെ സെറ്റിൽവച്ചായിരുന്നു ഇത്. ദിലീപിനെ എട്ടാം പ്രതിയാക്കിക്കൊണ്ടുള്ള അനുബന്ധകുറ്റപത്രം അങ്കമാലി മജിസ്ട്രേട്ട് കോടതിയിൽ ഇന്നു ഉച്ചതിരിഞ്ഞാണു പോലീസ് സമർപ്പിച്ചത്. കുറ്റപത്രത്തിന്റെ അഞ്ചു പകർപ്പുകളാണ് കോടതിയിൽ നൽകിയത്. തോപ്പുംപടിയിലും തൃശൂരിലും തൊടുപുഴയിലും ഗൂഢാലോചന നടന്നതായി തെളിവുണ്ട്. തുടർന്ന് ഗൂഢാലോചന നടന്നത് കഴിഞ്ഞ നവംബറിലായിരുന്നു . സുനിൽകുമാറിന് ദിലീപ് നല്‍കിയത് ഒരുലക്ഷത്തി പതിനായിരം രൂപ ആയിരുന്നു.
അഡ്വാൻസ് നൽകിയത് പതിനായിരം രൂപയും .തൃശൂരിൽ വച്ച് ഒരു ലക്ഷം രൂപ കൂടി കൈമാറി. 2015 നവംബർ 1, 2 തീയതികളിലാണ് പണം നൽകിയത്. ജോയ്സ് പാലസ് ഹോട്ടലിൽ വച്ചാണ് സിനിമാ ചിത്രീകരണത്തിനിടെ പണം നൽകിയത്. ഈ പണം സുനിൽകുമാർ അമ്മയുടെ അക്കൗണ്ടിലിട്ടു.
അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ ആകെ 12 പ്രതികളാണുള്ളത്. നടന് ദിലീപ് കേസിലെ എട്ടാം പ്രതിയാണ്. ദിലീപിന്റെ മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യർ ആണ് കേസിലെ പ്രധാന സാക്ഷി. കേസില്‍ രണ്ടുപേരെ മാപ്പുസാക്ഷിയാക്കി. ജയിലില്‍ നിന്ന് കത്തെഴുതിയ വിപിന്‍ ലാല്‍, എ.ആര് ക്യാമ്പിലെ പോലീസുകാരന് എന്നിവരാണ് മാപ്പുസാക്ഷികള്‍.
