കണ്ണൂര്‍: കണ്ണൂര്‍ പെരിങ്ങത്തൂരില്‍ ടൂറിസ്റ്റ് ബസ് പുഴയിലേക്ക് മറിഞ്ഞ് മൂന്നു മരണം. ഒരു സ്ത്രീയും ബസ് ജീവനക്കാരനും യാത്രക്കാരനും അടക്കം മൂന്നു പേരാണ് മരിച്ചത്. കൂത്തുപറമ്പ് സ്വദേശി പ്രജിത്ത്, മാതാവ് ഹേമലത, ബസ് ജീവനക്കാരന്‍ ജിതേഷ്, എന്നിവരാണ് മരിച്ചത്. ബെംഗലുരുവില്‍ നിന്ന് മടങ്ങി വന്ന ബസ് ആണ് പെരിങ്ങത്തുര്‍ പാലത്തില്‍ നിന്നും പുഴയിലേക്ക് മറിഞ്ഞത്. രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്ത ബസിന്റെ ഡ്രൈവര്‍ തലശ്ശേരിയില്‍ ഇന്ദിരാഗാന്ധി ആശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച പുലര്‍ച്ചേ അഞ്ചേമുക്കാലോടാണ് സംഭവം. ബാംഗ്ലൂരില്‍ നിന്ന് പാനൂര്‍, പാറക്കല്‍, തൂണേരി, പെരിങ്ങത്തൂര്‍ വഴി തലശ്ശേരിയിലേക്ക് വന്ന ലാമ ബസാണ് അപകടത്തില്‍പെട്ടത്. പെരിങ്ങത്തൂര്‍ പാലത്തിന്റെ കൈവേലി തകര്‍ത്ത് ബസ് പുഴയിലേക്ക് മറിയുകയായിരുന്നു. യാത്രക്കാരെ ഇറക്കിയ ശേഷം ജീവനക്കാര്‍ ബസുമായി തലശ്ശേരി ഭാഗത്തേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്.
കൂടുതല്‍ ആളുകള്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ടോ എന്ന സംശയത്തെത്തുടര്‍ന്ന് പുഴയില്‍ പരിശോധന നടത്തുകയാണ്. ബസ് ഉയര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്. രക്ഷാ പ്രവര്‍ത്തനത്തിനായി അഗ്നി രക്ഷാ സേന സ്ഥലത്തെത്തിയിട്ടുണ്ട്. നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി നടക്കുകയാണ്. രക്ഷാ പ്രവര്‍ത്തനത്തിനുള്ള ഉപകരണങ്ങള്‍ ലഭ്യമല്ലാത്തതിനെത്തുടര്‍ന്ന് ആദ്യമണിക്കൂറില്‍ രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടു. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ രോഷാകുലരായി. ഒടുവില്‍ കൂടുതല്‍ പോലീസെത്തി ജനക്കൂട്ടത്തെ നിയന്ത്രിക്കുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു.
ടൂറിസ്റ്റ് ബസ് പുഴയിലേക്ക് മറിഞ്ഞ് അമ്മയും മകനുമടക്കം മൂന്നുപേര്‍ മരിച്ചു