
ഞായറാഴ്ച ദിവസങ്ങളിൽ സര്‍വിസ് മുടക്കുന്നുവെന്ന പരാതി വ്യാപകമായതിനെ തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയില്‍ സ്വകാര്യ ബസുകള്‍ക്കെതിരെ എറണാകുളത്ത് പരിശോധന റിപ്പോര്‍ട്ട് തയാറാക്കി.
അവധി ദിവസങ്ങളില്‍ സ്വകാര്യ ബസുകള്‍ സര്‍വിസ് മുടക്കുന്നുവെന്ന് ജനപ്രതിനിധികള്‍ ജില്ല വികസന സമിതിയില്‍ ഉന്നയിച്ചിരുന്നു. ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ക്ക് ലഭിച്ച പരാതിയിലായിരുന്നു പരിശോധന.

ഞായറാഴ്ച എട്ട് സ്‌ക്വാഡുകള്‍ എറണാകുളം ജില്ലയില്‍ പരിശോധന നടത്തി. എന്‍ഫോഴ്‌സ്‌മെന്‍റ് വിഭാഗത്തില്‍ നിന്ന് ആറ് സ്‌ക്വാഡും മൂവാറ്റുപുഴ, എറണാകുളം ആര്‍.ടി.ഒമാരുടെ ഓരോ സ്‌ക്വാഡും പരിശോധനയില്‍ പങ്കെടുത്തു. വിവിധ ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് 1.35 ലക്ഷം രൂപ പിഴ ഈടാക്കിയിരുന്നു.
വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നാണ് വിവരം. സംസ്ഥാനത്ത് വിവിധ ജില്ലകളിൽ സ്വകാര്യ ബസുകൾ പല തരത്തിലുള്ള നിയമ ലംഘനങ്ങൾ നടത്തുന്നതായി വ്യാപക പരാതികളാണ് ദിനംപ്രതി ലഭിക്കുന്നതെന്ന് ചില ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
