കൊച്ചി: അമ്മയില്‍ നിന്ന് രാജിവെച്ച നടിമാര്‍ക്കൊപ്പമാണ് താനെന്ന് നടന്‍ ഷമ്മി തിലകന്‍. തിലകനെ പുറത്താക്കിയ നടപടി തിരുത്തി അമ്മ മാപ്പ് പറയണമെന്നും മോഹന്‍ലാലില്‍ നിന്ന് അത് പ്രതീക്ഷിക്കുന്നുവെന്നും ഷമ്മി തിലകന്‍ പറഞ്ഞു. തിലകനെതിരായ നടപടി മരണാനന്തരമെങ്കിലും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഷമ്മി തിലകന്‍ ‘അമ്മ’യ്ക്ക് കത്ത് നല്‍കിയിട്ടുണ്ട്. അമ്മ പ്രസിദ്ധീകരണത്തില്‍ നിന്ന് തിലകന്റെ പേര് വെട്ടിമാറ്റി. താരസംഘടനയുടെ നടപടി വേദനാജനകമാണെന്നും ഷമ്മി തിലകന്‍ പറഞ്ഞു. പ്രശ്‌നത്തെ തുടര്‍ന്ന് തനിക്കും ഏറെ അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. അത് ഇപ്പോഴും തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ പട്ടികയില്‍ നിന്ന് പോലും ഒഴിവാക്കാന്‍ തിലകന്‍ ചെയ്ത കുറ്റമെന്തെന്നും ഷമ്മി ചോദിക്കുന്നു. അച്ഛന്‍ മരിച്ചത് ഒരു സത്യമാണ്. അമ്മയുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത് കൊണ്ട് ആ സത്യം ഇല്ലാതാകുന്നില്ല. എന്നിരിക്കെ പേര് പോലും ഒഴിവാക്കുന്നത് വിഷമമുണ്ടാക്കുന്നു. ഇക്കാരണം കൊണ്ട് അമ്മയുടെ ജനറല്‍ ബോഡി യോഗങ്ങളില്‍ താന്‍ പങ്കെടുക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. രാജി വച്ച നടിമാര്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം മോഹന്‍ലാല്‍ അമ്മയുടെ പ്രസിഡന്റ് ആയിരിക്കുന്നിടത്തോളം കാലം തിലകന് എതിര് പ്രവര്‍ത്തിക്കില്ലെന്ന് വിശ്വാസിക്കുന്നുവെന്നും പറഞ്ഞു.
2010 ല്‍ അമ്മ സെക്രട്ടറിയായിരുന്ന മോഹന്‍ലാലിന് തിലകന്‍ എഴുതിയ കത്ത് മകള്‍ സോണിയ പുറത്തുവിട്ടിരുന്നു. നീതി കിട്ടുന്നില്ലെന്ന പരാതിയുമായാണ് തിലകന്‍ മോഹന്‍ലാലിന് കത്തയച്ചത്. എന്നാല്‍ അന്ന് അക്കാര്യത്തില്‍ വേണ്ട നടപടിയെടുക്കാന്‍ ‘അമ്മ’ തയ്യാറായില്ല. ഗണേഷിന്റെ ഗുണ്ടകളില്‍ നിന്ന് ആക്രമണം ഉണ്ടെന്ന് പരാതിപ്പെട്ടിട്ടും അമ്മ സംഘടന നടപടിയെടുത്തില്ലെന്ന് കത്തില്‍ തിലകന്‍ പറഞ്ഞിരുന്നു. തിലകനെ സീരിയലില്‍ അഭിനയിക്കുന്നത് പോലും അന്ന് വിലക്കിയെന്ന് സംവിധായകന്‍ വിനയന്‍ പറഞ്ഞത് ഏറെ വിവാദമായിരുന്നു. ഗണേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ആത്മ സംഘടനയായിരുന്നു വിലക്കിയത്. അന്ന് തന്റെ വീട്ടിലിരുന്ന് തിലകന്‍ കരഞ്ഞ സാഹചര്യം പോലുമുണ്ടായിരുന്നുവെന്നും വിനയന്‍ പറഞ്ഞിരുന്നു.
ഞാന്‍ രാജിവെച്ച നടിമാര്‍ക്കൊപ്പം; തിലകനെതിരെയെടുത്ത അച്ചടക്ക നടപടി അമ്മ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മകന്‍ ഷമ്മി തിലകന്