
ഭോപാല്‍:ക്യാന്‍സര്‍ വന്നപ്പോള്‍ ഗോമൂത്രവും മറ്റു പശു ഉത്പന്നങ്ങളും കൂട്ടിച്ചേര്‍ത്ത് കഴിച്ചതാണ് തന്‍റെ സ്തനാര്‍ബുദം മാറാനുള്ള കാരണമെന്ന് ഭോപാലിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയും ഭീകരാക്രമണക്കേസ് പ്രതിയുമായ പ്രഗ്യാസിങ് താക്കൂര്‍. ‘ഞാന്‍ ഒരു ക്യാന്‍സര്‍ രോഗിയായിരുന്നു. ഗോമൂത്രവും പാഞ്ചഗവ്യ (ചാണകം,ഗോമൂത്രം,പാല്‍, തൈര്, നെയ്യ്) യും ചേര്‍ത്ത ഔഷധം കഴിച്ചാണ് ഞാന്‍ എന്‍റെ അസുഖം മാറ്റിയത്’ പ്രഗ്യാസിങ് പറഞ്ഞു.

ഇത്തരത്തിലുള്ള മരുന്ന് ശാസ്ത്രീയമാണെന്നും താന്‍ അതിന്‍റെ ജീവിക്കുന്ന ഉദാഹരണമാണെന്നും പ്രഗ്യാസിങ് പറയുന്നു. അതേപോലെ, ഗോമാതാവിന്‍റെ പുറകുവശത്ത് നിന്ന് അതിന്‍റെ കഴുത്ത് വരെ തടവികൊടുത്താല്‍ അതിന് സന്തോഷമാവുമെന്നും എല്ലാ ദിവസവും അങ്ങനെ ചെയ്താല്‍ ആളുകളുടെ രക്തസമ്മര്‍ദ്ദം നിയന്ത്രണത്തിലാവുമെന്നും പ്രഗ്യാസിങ് പറഞ്ഞു. നമ്മുടെ രാജ്യത്ത് വിവിധയിടങ്ങളില്‍ പശുക്കളോടുള്ള പെരുമാറ്റം വേദനയുളവാക്കുന്നതാണെന്നും പശുസമ്പത്ത് അമൃതാണെന്നും ഗോശാല തപസിരിക്കാന്‍ പറ്റിയ ഇടമാണെന്നും പ്രഗ്യാസിങ് പറഞ്ഞു.
