
കണ്ണൂർ: ബോംബെയിലെ തെരുവുകളിൽ പ്രതീക്ഷകളവസാനിച്ച കുടുസ്സു കവലകളിലൂടെ അലഞ്ഞ കാലം കഴിഞ്ഞുപോയ ഏതോ ദു:സ്വപ്നത്തിലെന്ന പോലെ ഓർത്തെടുക്കുന്ന സന്ധ്യ ഇന്ന് വറുത്തെടുക്കുന്നത് നാളെയിലേക്കുള്ള സ്വപ്നമാണ്. അതിന്റെ ഇന്ധനം അതിജീവനത്തിനായുള്ള അടങ്ങാത്ത ത്വരയാണ്.

കണ്ണൂർ ജില്ലയിലെ ഭിന്നലെെംഗികരുടെ അയൽക്കൂട്ടമായ നന്മ കുടുംബശ്രീയുടെ പ്രഥമ സംരംഭമായ നെെസി ചിപ്സ് വ്യത്യസ്തമാകുന്നത് അങ്ങനെയാണ്. കണ്ണൂർ ആനക്കുളത്ത് ആരംഭിച്ച നെെസി ചിപ്സ് പഴം, ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്, കപ്പ, തുടങ്ങിയ വിഭവങ്ങൾ കൊണ്ട് അഞ്ചുതരം ചിപ്സുകളാണ് ഉണ്ടാക്കുന്നത്.
കുടുംബശ്രീയുടെ തന്നെ പലതരം ഭക്ഷ്യമേളകളിലും പുറത്തുനിന്നുള്ള ഓഡറുകൾക്കനുസരിച്ചും ഇവർ ചിപ്സ് ഉണ്ടാക്കിനൽകുന്നു. വിവിധ സംഘടനകൾ സഹായ വാഗ്ദാനം തങ്ങളെ സമീപിക്കുന്നുണ്ടെന്നും സമൂഹത്തിൽ നിന്നും മുമ്പില്ലാത്ത വിധം പിന്തുണയുണ്ടെന്നും ഇവർ പറയുന്നു.
പ്രതീക്ഷകളസ്തമിച്ച നേരത്ത് ഒരുമിച്ച് മുന്നേറാ൯ ഒപ്പമുണ്ടെന്ന സർക്കാരിന്റെയും കുടുംബശ്രീയുടെയും ഉറപ്പ് തങ്ങളെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചുവെന്നും ഇവർ പറയുന്നു. ഭിന്നലെെംഗികരുടെ സാമ്പത്തിക സ്വാതന്ത്ര്യ പോരാട്ടമായ സംരംഭത്തിന്റെ സെക്രട്ടറി സോനയും പ്രസിഡണ്ട് സന്ധ്യയുമാണ്. സ്നേഹ,മായ, സൗമിനി, അപർണ്ണ, ജാസ്മി൯, റീമ,സതീശ൯,സനാന,ലെെസ തുടങ്ങിയവർ സംഘത്തിലുണ്ട്.ഇവർക്കുള്ള കുടുംബശ്രീയുടെ സ്റ്റാർട് അപ്പ് ഫണ്ട് ഒരുലക്ഷം രൂപ എ.എ൯.ഷംസീർ എം.എൽ.എ വിതരണം ചെയ്തു.
