ന്യൂഡല്‍ഹി: തൊഴില്‍ ചൂഷണം ചോദ്യം ചെയ്തതിന്റെ പേരില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട മലയാളി നഴ്സ് ആത്മഹത്യക്ക് ശ്രമിച്ചു. ദല്‍ഹിയിലെ ഐ.എല്‍.ബിഎല്‍ ആശുപത്രിയിലെ നഴ്‌സാണ് പിരിച്ചു വിട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെ ശുചിമുറിയില്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.
ആശുപത്രിയില്‍ അഞ്ചുവര്‍ഷമായി കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയത് വരികയായിരുന്ന ആലപ്പുഴ സ്വദേശിനിയായ യുവതിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇവരുടെ നേതൃത്വത്തില്‍ ദല്‍ഹിയിലെ ആശുപത്രികളില്‍ നഴ്സുമാര്‍ നേരിടുന്ന തൊഴില്‍ പീഡനത്തിനെതിരെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കണ്ട് നേരത്തെ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികാര നടപടിയെന്നോണം വെള്ളിയാഴ്ച ഉച്ചയോടെ ഇവരെ പിരിച്ചുവിട്ടതായി അറിയിച്ചുകൊണ്ട് ആശുപത്രി നോട്ടീസ് നല്‍കിയത്. ഇതില്‍ പ്രതിഷേധിച്ച് നഴ്സുമാര്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധ സമരം നടത്തിയിരുന്നു. ഇതിനിടെ ആശുപത്രിയിലെ ശുചിമുറിയില്‍ കയറിയ നഴ്സ് ഞരമ്പ് മുറിക്കുകയായിരുന്നു.
ഇവരെ കാണാത്തതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രക്തം വാര്‍ന്ന നിലയില്‍ ശുചിമുറിയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഐ.എല്‍.ബിഎല്‍ ആശുപത്രിയില്‍ തന്നെ ഇവരെ പ്രവേശിപ്പിക്കുകയായിരുന്നു. അതേസമയം നഴ്‌സ് ജീവനൊടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലെ മറ്റ് നേഴ്‌സുമാര്‍ സമരം ആരംഭിച്ചു. തൊഴില്‍പ്രശ്‌നങ്ങളും പെണ്‍കുട്ടിയുടെ ജീവനൊടുക്കല്‍ ശ്രമവും ആശുപത്രി ഡയറക്ടറുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ശ്രമിച്ചെങ്കിലും നഴ്‌സുമാരുമായി ഡയറക്ടര്‍ ചര്‍ച്ചയ്ക്കു വഴങ്ങാത്തതിനെ തുടര്‍ന്നാണ് മറ്റു നഴ്‌സുമാരുടെ സമരം. ജീവനൊടുക്കാന്‍ ശ്രമിച്ച നഴ്‌സിനെ ജോലിയില്‍ തിരിച്ചെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.