
ജെ.എന്‍.യുവില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയറിച്ചതിന് പിന്നാലെ ബോളിവുഡ്താരം ദീപിക പദുക്കോണിന്‍റെ ചിത്രങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ബി.ജെ.പി നേതാക്കളുടെ പ്രചാരണം. രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കിയ ദീപികയുടെ ചിത്രങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് ബി.ജെ.പി നേതാവ് തേജേന്ദര്‍ പാല്‍സിങ് ബഗ്ഗ ട്വിറ്ററില്‍ കുറിച്ചു.

ഇന്നലെ വൈകീട്ട് ഏഴരയോടെയാണ് ദീപിക ജെ.എന്‍.യുവില്‍ എത്തിയത്. ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്റ് കനയ്യ കുമാറും ഒപ്പമുണ്ടായിരുന്നു. സബര്‍മതി ഹോസ്റ്റലിന് മുന്നില്‍ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത ദീപിക, മുഖംമൂടി അക്രമണത്തില്‍ പരുക്കേറ്റ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിനേയും സന്ദര്‍ശിച്ചു. പതിനഞ്ചുമിനിറ്റോളം വിദ്യാര്‍ഥികള്‍ക്കൊപ്പം ചെലവഴിച്ച് വിദ്യാര്‍ത്ഥി നേതാക്കള്‍ക്ക് പിന്തുണ അറിയിച്ച ശേഷമാണ് ദീപിക മടങ്ങിയത്.
