
ജവഹര്‍ ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ മുഖംമൂടി ആക്രമണത്തില്‍ ജെ.എന്‍.യു പ്രതിനിധികളുമായി ഉടന്‍ ചര്‍ച്ച നടത്തണമെന്ന് ലെഫ്.ഗവര്‍ണര്‍ക്ക് ആഭ്യന്തര മന്ത്രി അമിത് ഷാ നിര്‍ദേശം നല്‍കി. ഗവര്‍ണറുമായി അമിത് ഷാ ഫോണില്‍ സംസാരിച്ചു. വിഷയം ഒത്തുതീര്‍പ്പാക്കാന്‍ വിദ്യാര്‍ത്ഥി പ്രതിനിധികളുമായി ചര്‍ച്ച നടത്താനാണ് അമിത് ഷാ ഗവര്‍ണറോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.

ക്യാമ്പസിനുള്ളില്‍ വച്ച് അധ്യാപകരെയും അനധ്യാപകരെയും വിദ്യാര്‍ത്ഥികളെയും പുറത്ത് നിന്നെത്തിയ സംഘം തല്ലിച്ചതച്ച സംഭവത്തിനെതിരെ രാജ്യത്ത് വലിയ പ്രതിഷേധങ്ങള്‍ ഉയരുന്നതിനിടെയാണ് വിദ്യാര്‍ത്ഥികളുമായി ഉടന്‍ ചര്‍ച്ച നടത്താന്‍ ലഫ് ഗവര്‍ണറോട് കേന്ദ്ര ആഭ്യന്തര മന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്.
അതേസമയം സംഘര്‍ഷത്തില്‍ ഡല്‍ഹി പോലീസ് ആദ്യ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മൂന്നു പരാതികള്‍ ലഭിച്ചെന്ന് പോലീസ് അറിയിച്ചു. ഇവ ക്രൈംബ്രാഞ്ച് അന്വേഷിക്കും.
ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയായിരുന്നു മുഖം മറച്ച് ആയുധങ്ങളുമായി എത്തിയവര്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് അടക്കമുള്ള വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും മര്‍ദിച്ചത്. എ.ബി.വി.പി സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് വിദ്യാര്‍ത്ഥി യൂണിയൻ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.
