ജെ.എന്‍.യുവിലെ മുഖംമൂടി ആക്രമണം: നാലുപേര്‍ കസ്റ്റഡിയില്‍: പിടിയിലായത് ക്യാമ്പസിന് പുറത്തുനിന്നുള്ളവര്‍; അക്രമങ്ങൾ ആസൂത്രിതം: വാട്‍സാപ്പ് സന്ദേശങ്ങള്‍ പുറത്ത്

  • Post category:news
  • Reading time:1 min read
You are currently viewing ജെ.എന്‍.യുവിലെ മുഖംമൂടി ആക്രമണം: നാലുപേര്‍ കസ്റ്റഡിയില്‍: പിടിയിലായത് ക്യാമ്പസിന് പുറത്തുനിന്നുള്ളവര്‍; അക്രമങ്ങൾ ആസൂത്രിതം: വാട്‍സാപ്പ് സന്ദേശങ്ങള്‍ പുറത്ത്

ജെ.എന്‍.യുവിലെ മുഖംമൂടി ആക്രമണത്തില്‍ നാലുപേര്‍ കസ്റ്റഡിയില്‍. ഇന്നലെ ജെ.എന്‍.യുവില്‍ നടന്ന വ്യാപക അക്രമങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ക്യാമ്പസിന് പുറത്തുനിന്നുള്ളവരാണ് കസ്റ്റഡിയിലായത്. എ.ബി.വി.പി പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്നാണ് വിദ്യാര്‍ത്ഥി യൂണിയന്‍റെ പ്രതികരണം.

അതേസമയം ജെ.എൻ.യുവിൽ ഇന്നലെ നടന്ന അക്രമങ്ങൾ ആസൂത്രിതമെന്ന സംശയം ബലപ്പെടുത്തുന്ന വാട്‍സാപ്പ് സന്ദേശങ്ങൾ പുറത്ത് വന്നു . അക്രമികള്‍ക്ക് ജെ.എൻ.യുവിലേക്ക് എത്താനുള്ള വഴികൾ സന്ദേശത്തില്‍ നിർദ്ദേശിക്കുന്നുണ്ട്. യുണൈറ്റ് എഗൈൻസ്റ്റ് ലെഫ്റ്റ് എന്ന വാട്‍സാപ്പ് ഗ്രൂപ്പിലാണ് അക്രമം നടത്തുന്നതിനെക്കുറിച്ചും സാധ്യമായ വഴികളെക്കുറിച്ചുമുള്ള സന്ദേശങ്ങള്‍ ഉള്ളത്. ഇന്നലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് സമീപം അധ്യാപക സംഘടന നടത്തിയ പ്രതിഷേധ പരിപാടിക്കിടെയായിരുന്നു ആക്രമണം.

അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ വി.സിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് അധ്യാപകര്‍. സുരക്ഷയും സമാധാനവും ഉറപ്പാക്കാനായില്ലെങ്കില്‍ വൈസ് ചാന്‍സലര്‍ സ്ഥാനം ഒഴിയണമെന്ന് അധ്യാപകര്‍ ആവശ്യപ്പെട്ടു. അതേസമയം രജിസ്ട്രാറെയും പ്രോക്ടറെയും മാനവ വിഭവ ശേഷി മന്ത്രാലയം വിളിപ്പിച്ചു.

വിദ്യാര്‍ത്ഥി യൂണിയൻ പ്രസിഡന്‍റും എസ്എഫ്ഐ നേതാവുമായ ഐഷി ഘോഷിനും സര്‍വകലാശാലയിലെ സെന്റ‍ ഓഫ് സ്റ്റഡി ഓഫ് റീജണൽ ഡെവലപ്മെന്‍റിലെ അധ്യാപിക പ്രൊഫ സുചിത്ര സെന്നിനും ഗുരുതരമായി പരിക്കേറ്റു. തലയ്ക്ക് ആഴത്തിൽ പരിക്കേറ്റ ഐഷിയെ ദില്ലിയിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റി.

0Shares