ജെല്ലിക്കെട്ട് പ്രക്ഷോഭം ആളിപടരുന്നു: പരിഹാരം കാണാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ഇന്ന് പ്രധാനമന്ത്രിയുമായി കൂടികാഴ്ച്ച നടത്തി.

  • Post category:news
  • Reading time:1 min read
You are currently viewing ജെല്ലിക്കെട്ട് പ്രക്ഷോഭം ആളിപടരുന്നു: പരിഹാരം കാണാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ഇന്ന് പ്രധാനമന്ത്രിയുമായി കൂടികാഴ്ച്ച നടത്തി.

ചെന്നൈ: തമിഴ്‌നാട്ടിലെ പരമ്പരാഗത കായിക വിനോദമായ ജെല്ലിക്കെട്ടിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് മറീന ബീച്ചില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരം കൂടുതല്‍ ശക്തമായി. ഇതിനെ തുടര്‍ന്ന് പ്രക്ഷോഭം അവസാനിപ്പിക്കാന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ടാണ് തമിഴ്‌നാട് മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം പ്രധാനമന്ത്രിയെ സമീപിച്ചത്. ജെല്ലിക്കെട്ട് നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുകയല്ലാതെ മറ്റു പോംവഴിയില്ല എന്നും പനീര്‍ശെല്‍വം അവശ്യപ്പെട്ടു. ജെല്ലിക്കെട്ട് നടത്താനാവശ്യമായ എല്ലാ നടപടികളും തമിഴ്‌നാട് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മധുരയിലെ അളകാനെല്ലൂരിലെ ജെല്ലിക്കെട്ട് കളത്തില്‍ ആരംഭിച്ച പ്രക്ഷോഭം തമിഴ്‌നാട്ടിലെ വിദ്യാര്‍ത്ഥികള്‍ ഏറ്റെടുത്തതോടെ സമരകേന്ദ്രം ചെന്നൈയിലെ മറീന ബീച്ചിലേക്ക് മാറ്റുകയായിരുന്നു. ഇവര്‍ക്ക് പിന്തുണയുമായി തമിഴ് സിനിമയിലെ സൂപ്പര്‍ താരങ്ങളും രംഗത്തെത്തി. അതേസമയം ജെല്ലിക്കെട്ട് സംബന്ധിച്ച് പ്രധാനമന്ത്രിയില്‍ നിന്ന് ഉറപ്പ് ലഭിക്കുന്നത് വരെ സമരം തുടരുമെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.

രാത്രിയായപ്പോള്‍ വിദ്യാര്‍ത്ഥികള്‍ പിരിഞ്ഞ് പോകുമെന്നാണ് പോലീസ് കരുതിയത്. എന്നാല്‍ സമരക്കാര്‍ പിരിഞ്ഞു പോകാന്‍ തയ്യാറായില്ല. ഇതിനെ തുടര്‍ന്ന് പോലീസ് തെരുവുവിളക്ക് കെടുത്തിയപ്പോള്‍ വിദ്യാര്‍ത്ഥികള്‍ അവരുടെ മൊബൈല്‍ ഫോണിന്റെ വെളിച്ചത്തിലാണ് സമരം തുടര്‍ന്നത്. സമരത്തിന്റെ കാഠിന്യം മനസ്സിലായതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി പ്രതിനിധികളുമായി തമിഴ്‌നാട് സര്‍ക്കാര്‍ നിരവധി തവണ ചര്‍ച്ച നടത്തിയെങ്കിലും അതൊന്നും വിജയിച്ചില്ല. ഇതിനെ തുടര്‍ന്നാണ് പനീര്‍ശെല്‍വം പ്രധാനമന്ത്രിയെ കാണാന്‍ തീരുമാനിച്ചത്.

 

0Shares