ദോഹ: ജെല്ലിക്കെട്ടിന് സുപ്രീം കോടതി ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഖത്തറിലെ തമിഴ് മക്കള്‍. സോഷ്യല്‍ മീഡിയ വഴി നടത്തിയ ആഹ്വാനപ്രകാരം കോര്‍ണിഷിനു സമീപത്തെ ഇസ്‌ളാമിക് ആര്‍ട്ട് മ്യൂസിയം പാര്‍ക്കില്‍ ജാതി, മത, കക്ഷി, രാഷ്ട്രീയ ഭേദമെന്യേ ആയിരത്തോളം പേരാണ് ഒരുമിച്ച് കൂടിയത്. ‘ജെല്ലിക്കെട്ട് നിരോധനം പിന്‍വലിക്കുക’ എന്നെഴുതിയ ബോര്‍ഡുകളുമായി തികച്ചും സമാധാന പരമായ രീതിയിലുള്ള പ്രതിഷേധമാണ് ഇവര്‍ നടത്തിയത്.

ഇതിനിടയില്‍ ജെല്ലിക്കെട്ടിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഹര്‍ജി നല്‍കാന്‍ ‘ഖത്തര്‍ തമിഴര്‍’ ഒപ്പു ശേഖരണവും നടത്തി. ആയിരത്തോളം പേരുടെ ഒപ്പുകളടങ്ങിയ ഹര്‍ജി പ്രധാനമന്ത്രിക്കു സമര്‍പ്പിക്കാനായി ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി പി. കുമരന് നല്‍കി. തമിഴ്‌നാടിന്റെ പാരമ്പര്യ പൈതൃകമാണ് ജെല്ലിക്കെട്ട്, അതിനാലാണ് ഖത്തറിലെ സാംസ്‌കാരിക കേകേന്ദ്രങ്ങളിലൊന്നായ ഇസ്‌ളാമിക് മ്യൂസിയം പരിസരം തന്നെ ഈ ഉദ്യമത്തിന് തെരഞ്ഞെടുത്തതെന്ന് കോയമ്പത്തൂര്‍ സ്വദേശിയായ ശബരി പറഞ്ഞു.
