
ന്യൂഡല്‍ഹി : ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തിയെയും ത്യാഗത്തെയും ഓര്‍മ്മപ്പെടുത്തുന്നതാണ് കാര്‍ഗില്‍ വിജയ് ദിവസമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വറ്ററിലൂടെയാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.അതിര്‍ത്തിയില്‍ നുഴഞ്ഞു കയറിയ പാകിസ്ഥാന്‍ സൈന്യത്തെ തുരത്തി ഇന്ത്യ പട്ടാളം ടൈഗര്‍ ഹില്‍സ് തിരിച്ചുപിടിച്ചിട്ട് ഇന്ന് 16 വര്‍ഷം തികയുന്നു. സൈന്യത്തിന്റെ പോരാട്ട വീര്യം ലോകത്തിന് കാണിച്ചുകൊടുത്ത വിജയ യുദ്ധമായിരുന്നു 1999 ലെ കാര്‍ഗില്‍ യുദ്ധം.
നാൾവഴി ; തീയതി സംഭവം
മെയ് 3 പാകിസ്താൻ നുഴഞ്ഞുകയറ്റം ആട്ടിടയന്മാർ അറിയിക്കുന്നു.
മെയ് 5 ഇന്ത്യൻ കരസേന നിരീക്ഷണ സംഘത്തെ അയയ്ക്കുന്നു; അഞ്ച് ഇന്ത്യൻ സൈനികർ പിടിയിലകപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നു.
മെയ് 9 പാകിസ്താൻ കരസേനയുടെ കനത്ത ഷെല്ലിങ്ങിൽ, കാർഗിലിലെ ആയുധശേഖരത്തിനു കേടുപാടുകളുണ്ടാകുന്നു.
മെയ് 10 ദ്രാസ്, കക്സർ, മുഷ്കോ മേഖലകളിലും നുഴഞ്ഞുകയറ്റം കണ്ടെത്തപ്പെടുന്നു.
മെയ് മദ്ധ്യം ഇന്ത്യൻ കരസേന കൂടുതൽ സേനയെ കാശ്മീർ താഴ്‌വരയിൽ നിന്നും കാർഗിൽ മേഖലയിലേയ്ക്ക് മാറ്റുന്നു
മെയ് 26 നുഴഞ്ഞുകയറ്റക്കാർക്കെതിരേ ഇന്ത്യൻ വായൂസേന ആക്രമണം തുടങ്ങുന്നു.
മെയ് 27 ഇന്ത്യൻ വായുസേനയ്ക്ക് രണ്ട് പോർവിമാനങ്ങൾ നഷ്ടപ്പെടുന്നു — മിഗ് 21, മിഗ് 27;. ഫ്ലൈറ്റ് ലെഫ്റ്റനന്റ് നചികേതയെ യുദ്ധതടവുകാരനായി പാകിസ്താൻ പിടിക്കുന്നു
മെയ് 28 ഇന്ത്യൻ വായുസേനയുടെ മിഗ് 17 വെടിവെച്ചിടപ്പെടുന്നു, നാല് സൈനികർ കൊല്ലപ്പെടുന്നു.
ജൂൺ 1 പാകിസ്താൻ ആക്രമണം ശക്തമാക്കുന്നു; ദേശീയപാത 1എ ബോംബിട്ടു തകർക്കപ്പെടുന്നു.
ജൂൺ 5 ഇന്ത്യൻ കരസേന പാകിസ്താൻ സൈനികരിൽ നിന്നും പിടിച്ചെടുത്ത രേഖകൾ പാകിസ്താന്റെ പങ്കാളിത്തം വെളിപ്പെടുത്താൻ പുറത്തുവിടുന്നു.
ജൂൺ 6 ഇന്ത്യൻ കരസേന കാർഗിലിലെ പ്രധാന പ്രത്യാക്രമണം തുടങ്ങുന്നു.
ജൂൺ 9 ഇന്ത്യൻ കരസേന ബറ്റാലിക് സെക്ടറിലെ രണ്ട്, സുപ്രധാന സ്ഥാനങ്ങൾ തിരിച്ചുപിടിക്കുന്നു
ജൂൺ 11 ചൈന സന്ദർശിക്കുകയായിരുന്ന പാകിസ്താനി കരസേന മേധാവി പർവേസ് മുഷാറഫ്, റാവൽപിണ്ടിയിലായിരുന്ന ചീഫ് ഓഫ് ജെനറൽ സ്റ്റാഫ് അസീസ് ഖാനുമായി നടത്തിയ സംഭാഷണം
പാകിസ്താന്റെ പങ്കാളിത്തത്തിനു തെളിവായി ഇന്ത്യ പുറത്തുവിടുന്നു.
ജൂൺ 13 ദ്രാസിലെ ടോടോലിങ് ഇന്ത്യ തിരിച്ചുപിടിക്കുന്നു.
ജൂൺ 15 അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ, കാർഗിലിൽ നിന്നും പുറത്തുപോവാൻ നവാസ് ഷെരീഫിനോട് ആവശ്യപ്പെടുന്നു.
ജൂൺ 29 ഇന്ത്യൻ കരസേന രണ്ട് സുപ്രധാന പോസ്റ്റുകൾ കൈവശപ്പെടുത്തുന്നു — ടൈഗർഹില്ലിനടുത്തുള്ള പോയിന്റ് 5060, പോയിന്റ് 5100
ജൂലൈ 2 ഇന്ത്യൻ കരസേന കാർഗിലിൽ ത്രിതല ആക്രമണം തുടങ്ങുന്നു.
ജൂലൈ 4 11 മണിക്കൂർ പോരാട്ടത്തിനു ശേഷം ഇന്ത്യൻ കരസേന ടൈഗർഹിൽ തിരിച്ചുപിടിക്കുന്നു.
ജൂലൈ 5 ഇന്ത്യൻ കരസേന ദ്രാസിന്റെ നിയന്ത്രണം എടുക്കുന്നു. ക്ലിന്റണുമായി കണ്ട ഷെരീഫ് പാകിസ്താനി കരസേനയുടെ പിന്മാറ്റം അറിയിക്കുന്നു.
ജൂലൈ 7 ബതാലിക്കിലെ ജുബാർ കുന്നുകൾ ഇന്ത്യ തിരിച്ചുപിടിക്കുന്നു.
ജൂലൈ 11 പാകിസ്താൻ പിന്മാറി തുടങ്ങുന്നു; ഇന്ത്യ ബതാലിക്കിലെ പ്രധാന കുന്നുകൾ കൈവശപ്പെടുത്തുന്നു.
ജൂലൈ 14 ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി ഓപ്പറേഷൻ വിജയ് വിജയകരമെന്ന് പ്രഖ്യാപിക്കുന്നു. പാകിസ്താനുമായി ചർച്ചയ്ക്ക് നിബന്ധനകൾ വെയ്ക്കപ്പെടുന്നു
ജൂലൈ 26 കാർഗിൽ പോരാട്ടം ഔദ്യോഗികമായി അവസാനിക്കുന്നു. ഇന്ത്യൻ കരസേന പാകിസ്താനി നുഴഞ്ഞുകയറ്റക്കാർക്ക് മേൽ സമ്പൂർണ്ണ വിജയം പ്രഖ്യാപിക്കുന്നു.
പ്രതീക്ഷിച്ചപോലെ തന്നെ ഇന്ത്യൻ സൈനികർ ഈ നുഴഞ്ഞുകയറ്റം അറിഞ്ഞതേയില്ല. പക്ഷേ മെയ് രണ്ടാമത്തെ ആഴ്ചയിൽ അവിടത്തെ നാട്ടുകാരനായ ഒരു ആട്ടിടയൻ നൽകിയ വിവരമനുസരിച്ച് റോന്തുചുറ്റാനിറങ്ങിയ ഒരു ഇന്ത്യൻ സംഘത്തിനു നേരേ ഒളിപ്പോർ ആക്രമണമുണ്ടായത് നുഴഞ്ഞുകയറ്റത്തെ കുറിച്ചുള്ള വിവരം വെളിവാക്കി. ആദ്യം പോയ പട്രോൾ സംഘത്തെ അവർ ഒന്നൊഴിയാതെ നശിച്ചിപ്പിച്ചു കളഞ്ഞിരുന്നു. രണ്ടാമത്തെ പട്രോൾ സംഘത്തിലെ ഓഫീസറുടെ മനോധൈര്യം മൂലമാണ് അവർക്ക് തിരിച്ചു വന്ന് കാര്യങ്ങൾ വ്യക്തമാക്കാനായത്. എന്നാൽ അവരുടെ വിവരണത്തിൽ നിന്ന് മറ്റുഭാഗങ്ങളിലെ അധിനിവേശത്തെക്കുറിച്ച് അപ്പോഴും വിവരം ലഭിച്ചിരുന്നില്ല. ഇന്ത്യൻ സംഘങ്ങൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ സ്വന്തം പ്രദേശം തിരിച്ചുപിടിക്കാമെന്ന് ആദ്യനാളുകളിൽ വീരവാദം മുഴക്കിയിരുന്നു എന്നാൽ നുഴഞ്ഞുകയറ്റം നിയന്ത്രണരേഖയിലുടനീളമുണ്ടെന്ന വിവരങ്ങൾ ആക്രമണം വളരെ വലിയതോതിലാണെന്നു വെളിവാക്കി.
ഇന്ത്യൻ ഭരണകൂടം 200,000 സേനാംഗങ്ങൾ ഉൾപ്പെട്ട ഓപറേഷൻ വിജയ് എന്ന പദ്ധതിയിലൂടെയാണ് പ്രതികരിച്ചത്. എങ്കിലും ഭൂപ്രകൃതിയുടെ പ്രത്യേകത നിമിത്തം ഡിവിഷനുകളോ കോറുകളോ ആയുള്ള ആക്രമണം സാധ്യമല്ലായിരുന്നു, മിക്ക ആക്രമണങ്ങളും റെജിമെന്റ് തലത്തിലോ ബറ്റാലിയൻ തലത്തിലോ ആയിരുന്നു കൈക്കൊണ്ടിരുന്നത്. ഇന്ത്യൻ കരസേനയുടെ രണ്ട് ഡിവിഷനുകളും[26] (20,000 സൈനികർ) ആയിരക്കണക്കിനു ഇന്ത്യൻ അർദ്ധസൈനികരും ഇന്ത്യൻ വായുസേനയും പ്രശ്നബാധിത പ്രദേശത്ത് വിന്യസിക്കപ്പെട്ടു. കാർഗിൽ-ദ്രാസ്] പ്രദേശത്ത് സായുധപോരാട്ടത്തിൽ ഏർപ്പെട്ട ആകെ ഇന്ത്യൻ സൈനികരുടെ എണ്ണം 30,000 അടുത്തായിരുന്നു. നുഴഞ്ഞുകയറ്റക്കാരും അവരെ സഹായിക്കുന്നവരും പാക് അധീന കാശ്മീരിൽ നിന്നും പീരങ്കിആക്രമണം നടത്തുന്നവരുമായ പാക് അനുകൂലികളുടെ ആകെ എണ്ണം 5,000 വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.
ദേശീയപാത 1.എയുടെ സംരക്ഷണം
ഉയരം കൂടിയ പ്രദേശങ്ങളായതിനാൽ വിമാനങ്ങൾ ഉപയോഗിച്ച് ചരക്കുകൾ എത്തിക്കുക എന്നത് അപ്രായോഗികമായിരുന്നു. അതുകൊണ്ട് ലഡാക് മേഖലയിലേക്ക് ചരക്കെത്തിക്കാനുള്ള എളുപ്പമാർഗ്ഗമാണ് ദേശീയ പാത 1.എ എന്നു പറയാം. ലേയിൽ നിന്ന് ശ്രീനഗറിലേക്കുള്ള പാതയാണിത്. പാകിസ്താൻ കൈയ്യടക്കിയ നിരീക്ഷണനിലയങ്ങളിൽ നിന്ന് പാത കാണാനും അങ്ങനെ അവിടേക്ക് പീരങ്കി ആക്രമണം നടത്താനും കഴിയുമായിരുന്നു. തന്ത്രപ്രധാനമായ വിതരണ പാത എന്ന നിലയിൽ ഇന്ത്യൻ കരസേനക്ക് ഇത് തലവേദനയുണ്ടാക്കി. ഹിമാചൽ പ്രദേശിൽ നിന്നും ലേയിലേക്ക് ഒരു പാത ഉണ്ടെങ്കിലും അതിന് നീളക്കൂടുതലുണ്ട്.
ദേശീയ പാത 1 എ. വേനൽക്കാലത്ത്
നുഴഞ്ഞുകയറ്റക്കാരാകട്ടെ കൈയ്യിൽ ചെറു ആയുധങ്ങളും, ഗ്രനേഡ് ലോഞ്ചറുകളും മറ്റുമായി നുഴഞ്ഞുകയറുന്നവരിൽ നിന്നും വ്യത്യസ്തമായി മോർട്ടാറുകളും, പീരങ്കികളും, വിമാനവേധത്തോക്കുകളും വരെ കൈവശപ്പെടുത്തിയവരായിരുന്നു. പലതാവളങ്ങളും വലിയതോതിൽ മൈനുകൾ പാകി സംരക്ഷിക്കപ്പെട്ടിരുന്നു. ഐ.സി.ബി.എൽ-ന്റെ കണക്കുപ്രകാരം പിന്നീട് ഇന്ത്യ 9,000 മൈനുകൾ പ്രദേശത്തുനിന്നും നീക്കം ചെയ്തു. പാകിസ്താൻ കൈയ്യടക്കിയ പ്രദേശം ആളില്ലാത്ത വിമാനങ്ങൾ കൊണ്ടും യു.എസ്. നിർമ്മിത AN/TPQ-36 ഫയർഫൈന്റർ റഡാറുകൾ കൊണ്ടും ഇന്ത്യ നിരീക്ഷിച്ചുകൊണ്ടിരുന്നു. ഇന്ത്യൻ ആക്രമണങ്ങളുടെ ആദ്യലക്ഷ്യം ദേശീയപാത 1.എ. യുടെ നിയന്ത്രണം കൈയ്യിലാക്കുക എന്നതായിരുന്നു, അതിനായി പാതയെ മുകളിൽ നിന്നു നിരീക്ഷിച്ചുകൊണ്ടിരുന്ന മലകൾ കൈക്കലാക്കാനായി ശ്രമം. പക്ഷേ ഇത്തരം കുന്നുകൾ നിയന്ത്രണരേഖക്കു സമീപമായതിനാലും ദേശീയപാത നിയന്ത്രണരേഖക്കടുത്തുകൂടി പോകുന്നതിനാലും ബുദ്ധിമുട്ടേറിയ ലക്ഷ്യമായിരുന്നു അത്. ഈ കുന്നുകൾ തിരിച്ചുപിടിക്കുന്നത് പ്രദേശത്ത് മേൽക്കൈയ്യും ദേശീയപാതയുടെ സംരക്ഷണവും ഉറപ്പു നൽകുമായിരുന്നു. ഇന്ത്യയുടെ ആക്രമണ രീതി ആ രീതിയിലായിരുന്നു.
ഇന്ത്യൻ പ്രദേശത്തിന്റെ വീണ്ടെടുക്കൽ
കാർഗിൽ യുദ്ധത്തിൽ നിർണ്ണായകമായ രണ്ട് വഴിത്തിരിവുകളായിരുന്നു ഇന്ത്യൻ സേനക്കുണ്ടായിരുന്നത്. അവ ടോലോലിങ്ങ് കുന്ന് തിരിച്ച് പിടിച്ചതും അതിലൂടെ ടൈഗർ കുന്ന് കൈവശപ്പെടുത്താനായതുമാണ് ആ പ്രധാവവഴിത്തിരിവുകൾ എന്ന് ജെന. വേദ് പ്രകാശ് മല്ലിക് അഭിപ്രായപ്പെടുന്നു. [29]ടൊളോലിങിലെ പോരാട്ടം പോലുള്ള മറ്റനേകം മിന്നലാക്രമണങ്ങൾ യുദ്ധം ആദ്യമേ തന്നെ ഇന്ത്യയുടെ വരുതിയിലെത്തിച്ച. എങ്കിലും ടൈഗർ ഹിൽ(പോയിന്റ് 5140) പോലുള്ള ചില മേഖലകൾ കനത്ത യുദ്ധശേഷം മാത്രമാണ് ഇന്ത്യക്ക് ലഭിച്ചത്. ചില പോരാട്ടങ്ങൾ മുമ്പെങ്ങും ഉണ്ടാകാത്തവിധം കൊടുമുടികളിലാണ് നടന്നത് -കൊടുമുടികൾ പലതും പോയിന്റ് നമ്പരുകൾ മാത്രമുള്ളവയും പേരില്ലാത്തവയും ആയിരുന്നു – ഭീകരമായ നേർക്കു നേരേയുള്ള പോരാട്ടമാണ് അവിടെ നടന്നത്. നേരിട്ടു കാണാവുന്ന നിലയങ്ങളിലെ നുഴഞ്ഞുകയറ്റം ഒഴിപ്പിക്കാനായി 250 പീരങ്കികൾ ആണ് ഇന്ത്യ വിന്യസിച്ചത്. ബോഫോഴ്സ് ഹൊവിറ്റ്സർ (ബോഫോഴ്സ് വിവാദം കുപ്രസിദ്ധമാക്കിയവ) പീരങ്കികളിൽ നിർണ്ണായക ശക്തിയായി. എങ്കിലും ബോഫോഴ്സ് പീരങ്കികൾ വിന്യസിക്കാനാവശ്യമായ സ്ഥലക്കുറവ് പ്രശ്നമുണ്ടാക്കി. ഈ സന്ദർഭത്തിൽ ഇന്ത്യൻ വായുസേന ഓപറേഷൻ സഫേദ് സാഗർ എന്ന പദ്ധതി പ്രയോഗത്തിൽ കൊണ്ടുവന്നെങ്കിലും ഉയർന്ന യുദ്ധമണ്ഡലം, പോർ വിമാനങ്ങളിൽ കുറച്ചായുധങ്ങൾ മാത്രം കൊണ്ടുപോകാനേ അനുവദിച്ചുള്ളു. പറന്നുയരാനുള്ള സ്ഥലക്കുറവും പദ്ധതിക്കു തടസ്സമുണ്ടാക്കി. വായൂസേനക്ക് ഒരു മിഗ് 27 പോർവിമാനം യന്ത്രത്തകരാറു മൂലം നഷ്ടപ്പെട്ടു അതുപോലെ തന്നെ ഒരു മിഗ് 21 പാകിസ്താൻ വെടിവെച്ചിടുകയും ചെയ്തു. പാകിസ്താന്റെ അതിർത്തി ലംഘിച്ചതിനാൽ ഇരുവിമാനങ്ങളേയും വെടിവെച്ചിട്ടതാണെന്നു പാകിസ്താൻ പറയുന്നു ഇന്ത്യയുടെ ഒരു എം.ഐ-8 ഹെലികോപ്റ്ററും പാകിസ്താൻ വെടിവെച്ചിട്ടിരുന്നു. ഈ യുദ്ധത്തിൽ ഇന്ത്യൻ വായുസേന ലേസർ ലക്ഷ്യ ബോംബുകൾ ഉപയോഗിച്ചാണ് പാകിസ്താൻ പട്ടാളത്തിന്റെ ശക്തമായ പല കേന്ദ്രങ്ങളും നശിപ്പിച്ചത്.
തിരിച്ചുപിടിച്ച കൊടുമുടിയില്‍ ഇന്ത്യന്‍ പതാകയുമായി ഇന്ത്യന്‍ സൈനികര്‍
വ്യോമശക്തിക്കോ പീരങ്കി ആക്രമണത്തിനോ എത്തിച്ചേരാൻ സാധിക്കാത്ത ചില പാകിസ്താൻ നിയന്ത്രിത നിർണ്ണായക കേന്ദ്രങ്ങൾ ഇന്ത്യൻ കരസേന നേരിട്ടുള്ള യുദ്ധത്തിൽ പിടിച്ചെടുത്തു. ഇത്തരം ആക്രമണങ്ങൾ 18,000 അടി(5500 മീ) ഉയരത്തിൽ വരെ നടന്നു. സാവധാനം നടന്ന ഈ പോരാട്ടങ്ങൾ ഇന്ത്യൻ പക്ഷത്തെ മരണനിരക്കുയരാൻ കാരണമായി. പകൽ ഇത്തരം മലകയറി ആക്രമിക്കുന്നത് ആത്മഹത്യാപരമായതിനാൽ ഇരുട്ടിന്റെ മറവിലാണ് ഇതിൽ പലതും നടന്നത്. ഇത്തരം മലകളിൽ താപനില −11 °C മുതൽ -15 °C വരെ ആയിരുന്നു. ശീതക്കാറ്റിന്റെ ഭീഷണിയും ഉണ്ടായിരുന്നു. പട്ടാളതന്ത്രങ്ങൾ അനുസരിച്ച് ഇത്തരം കേന്ദ്രങ്ങളിലേക്കുള്ള വിതരണശൃംഖല തകർത്ത് ഒരു ഉപരോധം സൃഷ്ടിച്ചാൽ ഇന്ത്യൻ പ്രദേശത്തെ നഷ്ടം വളരെ കുറക്കാൻ കഴിയുമായിരുന്നു. എന്നാൽ ഇതിന് നിയന്ത്രണരേഖ മുറിച്ചു കടക്കേണ്ടതുണ്ടായിരുന്നു. സമ്പൂർണ്ണയുദ്ധമുണ്ടാകുമെന്ന ഭയവും അന്താരാഷ്ട്രപിന്തുണ നഷ്ടപ്പെടുമെന്ന ചിന്തയും ഇതിൽ നിന്നും ഇന്ത്യയെ വിലക്കി.
ടൈഗർ ഹില്ലിലെ യുദ്ധം
ഇവയിൽ ടൈഗർ ഹിൽ (കുന്ന്) ആയിരുന്നു ഏറ്റവും തന്ത്രപ്രധാനം. അവിടെയിരുന്നാൽ ദേശീയപാത 1എ-യെ ആക്രമിക്കാൻ എളുപ്പമായിരുന്നു. ദ്രാസിനും വടക്കുള്ള കുന്നുകളിൽ ഏറ്റവും ഉയരത്തിലുള്ളത് അതായിരുന്നു (5602 മീറ്റർ). മറ്റൊരു പ്രധാന ലക്ഷ്യമായിരുന്നു പോയൻറ് 4875 (4875 മീറ്റർ ഉയരമുള്ള മറ്റൊരു മല) .
1999 മേയ് രണ്ടാമത്തെ ആഴ്ച എട്ടാം സിഖ് യൂണിറ്റിനെ ദ്രാസിലെത്തിക്കുകയും ടൈഗർ ഹില്ലിനെ തിരിച്ചു പിടിക്കാൻ നിയോഗിക്കുകയും ചെയ്തു. കാലാവസ്ഥയുമായി പൊരുത്തപ്പെടുന്നതിനും മഞ്ഞ് കവചങ്ങൾക്കു പോലും സാവകാശം ലഭിക്കാതെയായിരുന്നു ഈ ദൌത്യം. ഈ ദൌത്യത്തിനിടയിൽ സിഖ് യൂണിറ്റിന് സാരമായ ആളപായം ഉണ്ടായി. ഇവരെ പിന്നീട് ടൈഗർ മലയുടെ തെക്ക് കിഴക്കൻ ഭാഗങ്ങളും പരിയോം കാ താലാബ് എന്ന വടക്കൻ പ്രദേശവും പിടിക്കാനായി നിയോഗിച്ചു. ആദ്യത്തെ സംഭവത്തിനു ശേഷം തുടർന്നുള്ള ആറ് ആഴ്ച ടൈഗർ ഹില്ലിലേക്ക് ആക്രമണം ഒന്നും നടത്തിയുമില്ല.
ജൂലൈ ആദ്യവാരത്തോടെ 192 മൌണ്ടൻ ബ്രിഗേഡ് പോയന്റ് 4875, ടൈഗർ ഹിൽ എന്നിവ തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. ഇതിനു മുന്നേ തന്നെ രജപുത്താന റൈഫിൾസിലെ ഒരു വിഭാഗം റ്റോലോലിങ്ങിനു പടിഞ്ഞാറു ഭാഗം പിടിച്ചിരുന്നു. ടൈഗർ ഹിൽ, കിഴക്കു-പടിഞ്ഞാറായി ഏതാണ് 2200 മീറ്ററും തെക്ക്-വടക്കായി 1000 മീറ്ററും വിസ്താരമുള്ള ഒരു മലയാണ്. ഇതിലേക്ക് കയറിപ്പറ്റാനുള്ള പ്രധാന മാർഗ്ഗങ്ങളിൽ ആദ്യത്തേത് പടിഞ്ഞാറുള്ള ഒരു ഇടുക്കായിരുന്നു. ഇതിനെ ഇന്ത്യാ ഗേറ്റ് എന്നാണ് കോഡ് നാമം ചെയ്തിരുന്നത്. രണ്ടാമത്തേത് 300 മീറ്റർ പടിഞ്ഞാറുള്ള ഒരു വഴിയായിരുന്നു. ഇതിന്റെ ഹെൽമറ്റ് എന്നാണ് വിളിപ്പേർ.
പാകിസ്താൻ 12 വടക്കൻ ലൈറ്റ് ഇൻഫൻട്രിയുടെ ഒരു കമ്പനിപ്പട്ടാളത്തോളം ഈ സ്ഥലങ്ങൾ മൊത്തത്തിൽ കയ്യടക്കിയിരുന്നു. ഇന്ത്യയുടെ ഭാഗത്തു നിന്ന് 18 ആം ഗ്രനേഡിയർ ഡിവിഷനും 8 ആം സിഖ് ഡിവിഷനും ടൈഗർ ഹില്ലിനടുത്തു തന്നെ നേരത്തേ നിലയുറപ്പിച്ചിരുന്നു. ഇവർക്ക് ഉന്നതങ്ങളിലെ യുദ്ധങ്ങൾക്ക് പരിശീലനം ലഭിച്ചിട്ടുള്ള ഒരു കൂട്ടം പട്ടാളത്തേയും ആയുധത്തേയും മറ്റു നിർമ്മാണ വിദഗ്ദ്ധരേയും എത്തിച്ച് കൊടുത്ത് ആക്രമണത്തിനായി തയ്യാറെടുത്തു. ഇന്ത്യൻ വായുസേനയും ഈ ദൌത്യത്തിൽ പങ്കാളിയായി. അവർക്ക് നിരവധി ലക്ഷ്യങ്ങൾ ഭേദിക്കേണ്ടതുണ്ടായിരുന്നു.
ടൈഗർ ഹിൽ ആക്രമണം 1999 ജൂലൈ 3 ന് 1900 മണിക്ക് നേരിട്ടും അല്ലാതെയുമുള്ള പീരങ്കി ആക്രമണത്തോടെ ആരംഭിച്ചു. 8 ആം സിഖ് റെജിമൻറായിരുന്നു ആക്രമണത്തിന്റെ ആണിക്കല്ല്. എല്ലാ ദിശയിലേക്കും അഴിച്ചു വിട്ട് കൊണ്ട് ഒരു പ്രത്യേക ആക്രമണ രേഖ ഉണ്ടെന്ന് പാകിസ്താനി പട്ടാളക്കാർക്ക് തോന്നിപ്പിക്കാത്ത വിധത്തിലായിരുന്നു ഇന്ത്യയുടെ ആക്രമണം. ഇന്ത്യയുടെ വായുസേനയും പീരങ്കിപ്പടയും ഈ സമയം കരസേനയെ സഹായിച്ചു. എങ്കിലും പാകിസ്താൻ തിരിച്ച് ആക്രമിച്ച് കൊണ്ടിരുന്നു.
ലെഫ്. ബൽവന്ത് നിങ്ങ് ആണ് 18ആം ഗ്രനേഡിയറിനെ നയിച്ചു കൊണ്ട് ടൈഗർ ഹില്ലിലേക്ക് നീങ്ങിയത്. കാലാവസ്ഥ സഹനീയമായതും അവർക്ക് സഹായത്തിനെത്തി. അവരിൽ പലരും അടുത്ത ദിവസം രാവിലെ 4:30 ന് ടൈഗർ ഹില്ലിന്റെ മുകളിൽ കയറിപ്പറ്റി. പാകിസ്താൻ പക്ഷത്ത് 10-12 മരണങ്ങൾ സംഭവിച്ചിരുന്നു. 18-ആം ഗ്രനേഡിയറിലെ ആറ് പട്ടാളക്കാർക്ക് മാരകമായി മുറിവേറ്റു. അതിലെ ഗ്രനേഡിയർ യോഗേന്ദ്ര സിങ് യാദവ് കയറുപയോഗിച്ച് മല കയറിയാണ് (Rope climb) പാകിസ്താന്റെ ആദ്യപോസ്റ്റുകൾ നിർവീര്യമാക്കിയത്, അദ്ദേഹത്തിന് പിന്നീട് പരം വീര ചക്ര ലഭിച്ചു . പോരാട്ടത്തിനിടെ യാദവിനും സാരമായ പരിക്കേറ്റിരുന്നു. യാദവ് ഉൾപ്പെടുന്ന ഘാതക് പ്ലാറ്റൂൺ ടൈഗർ ഹില്ലിലെ വിജയം സുനിശ്ചിതമാക്കി. പാകിസ്താൻ പടയാളികൾ വെസ്റ്റേൺ സ്പർ എന്ന് വിളിച്ചിരുന്ന ഭാഗത്തേക്ക് പിൻവലിയുകയും അവിടെ നിന്ന് വെടിയുതിർത്ത് കൊണ്ടിരിക്കുകയും ചെയ്തു. ഈ ഭാഗം 8ആം സിക്ക് യൂണിറ്റ് അടുത്ത ദിവസം കീഴ്പ്പെടുത്തി. എന്നാൽ പത്ത് ദിവസത്തിനുശേഷം ശക്തമായ ഒരു പ്രത്യാക്രമണം പാകിസ്താന്റെ ഭാഗത്തു നിന്നും ഉണ്ടായി. അവർ ജൂലൈ 15 ഓടെ ഇന്ത്യാ ഗേറ്റും ഹെല്മറ്റും കൈവശപ്പെടുത്തി. ഇതിനകം ദേശീയ പാത 1എയുടെ നിയന്ത്രണം ലഭിച്ച ഇന്ത്യൻ സൈന്യം, സൈനികരെ നിയന്ത്രണരേഖയിലേക്ക് അയച്ചു. അവർ പാക് അധീന കാശ്മീരിലേക്ക് കടക്കാതിരിക്കാൻ ഇന്ത്യൻ സൈന്യം പ്രത്യേക ശ്രദ്ധ വച്ചിരുന്നു.
യുദ്ധത്തിന്റെ അവസാനം
ഇതേസമയം ഇന്ത്യൻ നാവികസേനയും പാകിസ്താൻ തുറമുഖങ്ങളെ ഉപരോധിക്കാനും അങ്ങനെ പാകിസ്താന്റെ സംഭരണ വിതരണ ശൃംഖല തകർക്കാനും സജ്ജമായി. സമ്പൂർണ്ണയുദ്ധം പൊട്ടി പുറപ്പെട്ടാൽ പാകിസ്താനു ആറു ദിവസം പിടിച്ചു നിൽക്കാനുള്ള ഇന്ധനമേ ഉണ്ടായിരുന്നുള്ളെന്നു ഷെരീഫ് പിന്നീടു വെളിപ്പെടുത്തിയിട്ടുണ്ട്. സ്വയം കുഴിച്ച കുഴിയിൽ പാകിസ്താൻ പതിച്ചപ്പോൾ പാകിസ്താൻ കരസേന രഹസ്യമായി ഇന്ത്യക്കുമേൽ ആണവാക്രമണം നടത്തുവാൻ പദ്ധതിയിട്ടു. എന്നാൽ ഈ വാർത്ത അറിഞ്ഞ യു.എസ്. പ്രസിഡന്റ് ബിൽ ക്ലിന്റൺ നവാസ് ഷെരീഫിനു കർശനമായ താക്കീതു നൽകാൻ നിർബന്ധിതനായി.രണ്ടുമാസത്തെ പോരാട്ടമായപ്പോഴേക്കും ഇന്ത്യക്ക് നഷ്ടപ്പെട്ട ഭൂരിഭാഗം നിലയങ്ങളും തിരിച്ചു പിടിക്കാനായി.
ഔദ്യോഗിക കണക്കുപ്രകാരം അപ്പോഴേക്കും നുഴഞ്ഞുകയറപ്പെട്ട പ്രദേശത്തിന്റെ 75%-80% ഇന്ത്യയുടെ കൈവശം തിരിച്ചെത്തി. ജൂലൈ നാലായപ്പോഴേക്കും ഷെരീഫ് പാകിസ്താൻ പിന്തുണയുള്ളവരെ പിൻവലിക്കാമെന്നു സമ്മതിച്ചു. പോരാട്ടം സാധാരണ നിലപ്രാപിക്കുകയും ചെയ്തു. എന്നാൽ ചില തീവ്രവാദികൾ ഇതിനെ പിന്തുണച്ചില്ല. യുണൈറ്റഡ് ജിഹാദി കൌൺസിൽ പോലുള്ള സംഘടനകളും പാകിസ്താന്റെ പിന്മാറ്റ പദ്ധതിയെ എതിർത്തുഫലമായി ഇന്ത്യൻ കരസേന അവസാന ആക്രമണത്തിനു കോപ്പുകൂട്ടുകയും ഉടൻ തന്നെ ജിഹാദികളെ നീക്കം ചെയ്യുകയും ചെയ്തു. ജൂലൈ 26-നു പോരാട്ടം അവസാനിച്ചു. ഈ ദിവസം ഇന്ത്യയിൽ “കാർഗിൽ വിജയദിവസ്” എന്ന പേരിൽ ആഘോഷിക്കുന്നു. യുദ്ധാനന്തരം ഇന്ത്യ ഷിംല കരാർ പ്രകാരം നിയന്ത്രണരേഖയുടെ തെക്കും കിഴക്കുമുള്ള പ്രദേശങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തു.
