ജീവിതത്തിൽ ഇതുവരെ ഒരു യഥാർത്ഥ യുവജനോത്സവം നേരിട്ടു കാണുവാൻ കഴിയാത്തൊരാൾക്ക് അതിന്‍റെ സങ്കടം മാറാൻ പൂമരം എന്ന സിനിമ കണ്ടാൽ മാത്രം മതിയാകും

  • Post category:news
  • Reading time:2 mins read
You are currently viewing ജീവിതത്തിൽ ഇതുവരെ ഒരു യഥാർത്ഥ യുവജനോത്സവം നേരിട്ടു കാണുവാൻ കഴിയാത്തൊരാൾക്ക് അതിന്‍റെ സങ്കടം മാറാൻ പൂമരം എന്ന സിനിമ കണ്ടാൽ മാത്രം മതിയാകും

യു.വി ഉമേഷ്‌

വേറിട്ട ദൃശ്യാവിഷ്‌കാരമായിരുന്ന ആക്ഷൻ ഹീറോ ബിജു എന്ന സൂപ്പർ ഹിറ്റിന് ശേഷം എബ്രിഡ് ഷൈൻ സംവിധാനം ചെയ്തു താരപുത്രൻ കാളിദാസ് ജയറാം നായകനാകുന്ന ചിത്രമാണ് പൂമരം.ഒരു ചിത്രത്തിന് വേണ്ടി മലയാളികൾ ഇന്നോളം ഇത്രയും കാത്തിരുന്നിട്ടുണ്ടോ എന്ന് ചോദിക്കുന്നതിലും നല്ലതു പ്രേക്ഷകരുടെ ക്ഷമയെ പരീക്ഷിക്കും വിധം ഷൂട്ടിങ് മുടങ്ങിയും പിന്നീട് റിലീസ് ഡേറ്റ് മാറ്റിയും ഇത്രയും വൈകിയൊരു സിനിമ മലയാളത്തിൽ ഉണ്ടായിട്ടുണ്ടോ എന്ന് ചോദിക്കുന്നതാകും. ട്രോളുകളുടെ പെരുമഴ തന്നെയായിരുന്നു ഈയൊരു വിഷയത്തിൽ പൂമരം നേരിട്ടത് എങ്കിലും ട്രോളുകളും കളിയാക്കലും ചിത്രത്തിന് ഏറെ ഗുണകരമായി എന്നതാണ് ആദ്യദിനത്തിലെ വരവേൽപ്പ് സൂചന നല്കുന്നത്.

കേരളത്തിലെതന്നെ പ്രശസ്ത കോളേജുകളായ മഹാരാജാസ് കോളേജും സെന്റ് തെരേസാസ് കോളേജും തമ്മിലുള്ള യുവജനോത്സവ വേദികളിലെ വാശിയേറിയ പോരാട്ടവും കലാലയ ജീവിതവും റിയലിസ്റ്റിക് അവതരണത്തിലൂടെ അവതരിപ്പിക്കാനാണ് എബ്രിഡ് ഷൈൻ പൂമരം എന്ന ചിത്രത്തിലൂടെ ശ്രെമിച്ചിരിക്കുന്നത്.

മലയാളത്തിൽ ആദ്യമായി നായകനാകുന്നു എന്നതിന്റെ പതർച്ചകൾ ഇല്ലാതെ തന്നെ തന്മയത്വത്തോടെയും കരുത്തോടെയും തന്റെ കഥാപാത്രത്തെ അവതരിപ്പിക്കാൻ കാളിദാസിനായി.മലയാളത്തിലെ മറ്റൊരു താരോദയം ആണ് ഞാനിന്നു സ്‌ക്രീനിൽ കണ്ടത്.സംവിധായകന്റെ മുൻചിത്രം ആക്ഷൻ ഹീറോ ബിജു പോലെ എല്ലാത്തരം പ്രേക്ഷകരെയും ഉൾകൊള്ളുന്ന ഒരു സിനിമയല്ല പൂമരം,കാരണം കോളേജ് യുവജനോത്സവവും മറ്റു അനുബന്ധകാര്യങ്ങളും വളരെ റിയലിസ്റ്റിക് ആയി അവതരിപ്പിച്ചിരിക്കുന്നതിനാൽ ഇത്തരം സാഹചര്യങ്ങളിലൂടെ സഞ്ചരിച്ചവരെയോ സഞ്ചരിക്കുന്നതോ ആയ പ്രേക്ഷകനെ മാത്രമാണ് ചിത്രം ലക്‌ഷ്യം വയ്ക്കുന്നത്.(അതുമല്ലെങ്കിൽ അത്തരം സാഹചര്യങ്ങളിൽ താല്പര്യമുള്ളവർ)കൂടാതെ മുൻചിത്രത്തെ അപേക്ഷിച്ചു തിരക്കഥയിൽ പലയിടത്തും പാളിച്ചകളും വലിച്ചുനീട്ടലുകളും നമുക്ക് കാണാനുമാകും.

ജീവിതത്തിൽ ഇതുവരെ ഒരു യഥാർത്ഥ യുവജനോത്സവം നേരിട്ടു കാണുവാൻ കഴിയാത്തൊരാൾക്ക് അതിന്റെ സങ്കടം മാറാൻ പൂമരം എന്ന സിനിമ കണ്ടാൽ മാത്രം മതിയാകും.ഇത്രയും മനോഹരമായി അല്ലെങ്കിൽ ഇത്രയും ഡീറ്റൈൽഡായി ഏതൊരാൾക്കും മനസിലാകും വിധം ഹാസ്യത്തിന്റെ മേമ്പൊടിയിൽ ചാലിച്ചു കൊണ്ടു ഒരു യുവജനോത്സവം അവതരിപ്പിച്ചതിൽ എബ്രിഡ് ഷൈൻ അഭിനന്ദനം അർഹിക്കുന്നു.പൂമരം എന്ന ചിത്രത്തിനായി അദ്ദേഹം നന്നായി വിയർപ്പൊഴുക്കിയിരിക്കുന്നു എന്നത് സ്‌ക്രീനിൽ വ്യക്തം. മുൻചിത്രങ്ങളെ അപേക്ഷിച്ചു അദ്ദേഹം സംവിധാനത്തിൽ കൂടുതൽ മികവ് കാണിച്ചപ്പോൾ തിരക്കഥയിലെ പാളിച്ച കല്ലുകടിയായി മാറി എന്നതും എടുത്തുപറയുന്നു. ഒരു കോളേജിനെ മാത്രം പരോക്ഷമായി വിമര്ശിച്ചതും മറ്റൊരു കോളേജിനെ പ്രതീകാത്മകമായി മഹത്വവൽക്കരിച്ചതും സിനിമയുടെ ക്ലൈമാക്സിൽ സംവിധായകൻ ഉയർത്തിയ ആശയത്തോട് നീതിപുലർത്തുന്നതായിരുന്നില്ല.

മറ്റു അഭിനേതാക്കളായ പുതുമുഖങ്ങൾ എല്ലാവരും മൽസരിച്ചു അഭിനയിച്ചു,പ്രേത്യേകിച് കോളേജ് യൂണിയൻ ചെയർമാനായി വന്ന പെൺകുട്ടി തന്റെ ഭാഗം അതിമനോഹരവും കരുത്തുറ്റതുമാക്കി. കൂടാതെ ഗസ്റ്റ് റോളിൽ വന്ന കുഞ്ചാക്കോ ബോബൻ മീരാജാസ്മിൻ എന്നിവർ ഇവരുടെ പതിവു ഗസ്റ്റുറോളുകൾ പോലെതന്നെ യാതൊരു ചലനവും സിനിമയ്ക്കു സമ്മാനിക്കാതെ മടങ്ങുകയും ചെയ്തു.

ക്യാമറയും മറ്റു സാങ്കേതിക വിഭാഗങ്ങളും, ഹൃദ്യമായ ഗാനങ്ങളിലൂടെ സംഗീതവും മികച്ചുനിൽക്കുന്നുണ്ട് എങ്കിലും അകെ മൊത്തത്തിൽ വിലയിരുത്തുമ്പോൾ,സംവിധായകന്റെ മുൻകാലചിത്രങ്ങൾ സ്വപ്നം കാണാതെ, അമിത പ്രതീക്ഷയില്ലാതെ പോയാൽ ആവറേജിനു തൊട്ടുമകളിൽ ഒരനുഭവം പൂമരം നല്കിയേക്കും.

റേറ്റിംഗ്:2.75/5

0Shares