ജീവന് ഭീഷണിയുണ്ടെന്ന് കിംഗ്സ് സ്പേസ് സ്ഥാപന മാനേജര്‍: ജയിലില്‍ നിന്ന് ഭീഷണിയുമായി വീണ്ടും നിസാം

  • Post category:news
  • Reading time:1 min read
You are currently viewing ജീവന് ഭീഷണിയുണ്ടെന്ന് കിംഗ്സ് സ്പേസ് സ്ഥാപന മാനേജര്‍: ജയിലില്‍ നിന്ന് ഭീഷണിയുമായി വീണ്ടും നിസാം

കണ്ണൂര്‍: ചന്ദ്രബോസ് വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട വ്യവസായി നിസാമിന്റെ ഭീഷണി കോള്‍ വീണ്ടും. ഫോണ്‍വിളിച്ച് വധഭീഷണിപ്പെടുത്തുന്നുവെന്ന ആരോപണവുമായി സ്ഥാപനത്തിന്റെ മാനേജര്‍ രംഗത്ത്. കിംഗ്സ് സ്പേസ് സ്ഥാപനത്തിലെ മാനേജര്‍ ചന്ദ്രശേഖരനാണ് തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്. ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖയും പൊലീസിന് കൈമാറിയിട്ടുണ്ട്. ക്രിമിനല്‍ സ്വഭാവമുള്ള നിസാം തന്നെയും കുടുംബത്തെയും ഇല്ലാതാക്കുമോ എന്ന ഭീതിയുണ്ടെന്നു പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ടൗണ്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഓഫീസിലെ ഒരു ഫയല്‍ ഉടന്‍ എത്തിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ചൊവ്വാഴ്ച കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ലാന്റ് ഫോണ്‍ നമ്പറില്‍ നിന്ന് നിസാം വിളിച്ചത്. ഫോണിലൂടെ നിസാം തന്റെ ജീവനക്കാരെ ചീത്ത വിളിക്കുകയും ചെയ്തു. മുമ്പ് പലതവണ മാനേജര്‍ നിസാമിനെ ജയിലില്‍ ചെന്ന് കണ്ടിട്ടുണ്ട്. അപ്പോഴെല്ലാം നിസാമിന്റേത് മോശമായ പെരുമാറ്റമായിരുന്നു. സ്ഥാപനങ്ങളുടെ നടത്തിപ്പ് നിസാം ജയിലിലിരുന്ന് നിയന്ത്രിക്കുന്നു എന്ന ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ഇത് സാധൂകരിക്കുന്നതാണ് ഇപ്പോഴത്തെ മാനേജരുടെ പരാതി. നേരത്തെ, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിച്ചിരുന്ന നിസാമിനെ പിന്നീട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുകയായിരുന്നു.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന നിസാം സഹതടവുകാരുടെ സഹായത്തോടെ മൊബൈല്‍ ഫോണില്‍ നിന്ന് സഹോദരന്മാരെ വിളിച്ച് ഭീഷണിപ്പെടുത്തിയത് അടുത്തിടെ ഏറെ വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് സഹോദരന്‍മാര്‍ പാരാതി നല്‍കിയെങ്കിലും ഭീഷണിയെ തുടര്‍ന്ന് വേണ്ടന്നു വക്കുകയായിരുന്നു. എന്നാല്‍, നിയമ വിരുദ്ധമായി ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിട്ടും അതിന്റെ പേരില്‍ യാതൊരു നടപടിയും ജയില്‍ അധികൃതര്‍ നിസാമിന്റെ പേരില്‍ സ്വീകരിച്ചിട്ടില്ല. ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെ ജയിലില്‍ നിന്നും നിസാം തന്റെ ബിസിനസ് നിയന്ത്രിക്കുന്നുണ്ടെന്നാണ് ഈ സംഭവങ്ങള്‍ തെളിയിക്കുന്നത്. ചൊവ്വാഴ്ച തന്നെ രണ്ട് തവണയാണ് നിസാം ചന്ദ്രശേഖരനെ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നത്. നിസാം താമസിച്ചിരുന്ന തൃശൂര്‍ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ ഹമ്മര്‍ ഇടിച്ചും മര്‍ദ്ദിച്ചും കൊലപ്പെടുത്തിയ കുറ്റത്തിലാണ് ഇയാള്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നത്.

0Shares