ജീവനേക്കാള്‍ വലുതാണോ മദ്യം? ബിയര്‍ കയറ്റിവന്ന ലോറി കാറുമായി കൂട്ടിയിടിച്ചു, പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നതിന് പകരം ഓടിക്കൂടിയവര്‍ ബിയര്‍ കടത്തി

  • Post category:news
  • Reading time:1 min read
You are currently viewing ജീവനേക്കാള്‍ വലുതാണോ മദ്യം? ബിയര്‍ കയറ്റിവന്ന ലോറി കാറുമായി കൂട്ടിയിടിച്ചു, പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നതിന് പകരം ഓടിക്കൂടിയവര്‍ ബിയര്‍ കടത്തി

നിലമ്പൂര്‍: നിലമ്പൂരില്‍ ബിയര്‍ കയറ്റിവന്ന ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാതെ ഓടിക്കൂടിയവര്‍ ബിയര്‍ കടത്തി. നിലമ്പൂര്‍ കെ.എന്‍.ജി റോഡില്‍ പൂച്ചക്കുത്തിന് സമീപം തിരുവോണ ദിവസം വൈകുന്നേരമാണ് സംഭവം. ബിയര്‍ കയറ്റി വന്ന ലോറി കാറുമായി കൂട്ടിയിടിച്ച് മറിയുകയായിരുന്നു. ലോറി മറിഞ്ഞതോടെ ബിയര്‍ കുപ്പി പൊട്ടി റോഡിലൊഴുകി. അതോടെ അപകടസ്ഥലത്തെത്തിയവര്‍ പരിക്കേറ്റവരെ നോക്കാതെ ബിയര്‍ കടത്താനും തുടങ്ങി. ഫയര്‍ ഫോഴ്സില്‍ വിളിച്ച് വിവരം പറഞ്ഞയാള്‍ ആംബുലന്‍സ് കൊണ്ടുവരണമെന്നും പരുക്കേറ്റവരെ രക്ഷിക്കുന്നതിനു പകരം ആളുകള്‍ ബിയര്‍ കടത്തുകയാണെന്നുമാണ് പറഞ്ഞതെന്ന് സ്റ്റേഷന്‍ ഓഫീസര്‍ അബ്ദുല്‍ ഗഫൂര്‍ പറയുന്നു.റോഡിലൂടെ കടന്നുപോയ മറ്റു വാഹനങ്ങളിലെ യാത്രക്കാരും പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായില്ല. പൊലീസ് സംഭവസ്ഥലത്തെത്തിയശേഷമാണ് ബിയര്‍ കടത്തുന്നവര്‍ പിന്‍മാറിയത്. ആള്‍ക്കാരെ നിയന്ത്രിക്കാന്‍ പോലിസിന് അല്‍പം ലാത്തിയും പ്രയോഗിക്കേണ്ടിവന്നു. പോലിസ് തന്നെ പരിക്കേറ്റവരെ പിന്നീട് ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു.

 

0Shares