ജിഹാദ് എന്ന വാക്ക് ഉപയോഗിച്ചത് കൊണ്ട് മാത്രം ഒരാളെ തീവ്രവാദിയായി മുദ്രകുത്താൻ സാധിക്കുമോ? ; മഹാരാഷ്ട്ര കോടതിയുടെ നിരീക്ഷണം വായിക്കൂ

  • Post category:news
  • Reading time:1 min read
You are currently viewing ജിഹാദ് എന്ന വാക്ക് ഉപയോഗിച്ചത് കൊണ്ട് മാത്രം ഒരാളെ തീവ്രവാദിയായി മുദ്രകുത്താൻ സാധിക്കുമോ? ;  മഹാരാഷ്ട്ര  കോടതിയുടെ നിരീക്ഷണം വായിക്കൂ

ജിഹാദ് എന്ന വാക്ക് ഉപയോഗിച്ചത് കൊണ്ട് മാത്രം ഒരാളെ തീവ്രവാദിയായി മുദ്രകുത്തരുതെന്ന് കോടതി. അബ്ദുള്‍ റസാഖ്, ഷൊഹൈബ് ഖാന്‍, സലിം മാലിക് എന്നീ വ്യക്തികള്‍ക്ക് നേരെ യു.എ.പി.എ ചുമത്തിയിരുന്ന കേസ് പരിശോധിക്കുമ്പോഴായിരുന്നു മഹാരാഷ്ട്ര അകോല കോടതിയിലെ സ്‌പെഷ്യല്‍ ജഡ്ജി എ.എസ് ജാദവ് ഈ നിരീക്ഷണം നടത്തിയത്.

അകോലയിലെ പുസാദിലെ ഒരു മുസ്ലിംപള്ളിയുടെ മുന്നില്‍ വച്ച് ഒരു പോലീസുകാരനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ഇവരെ കോടതിയില്‍ ഹാജരാക്കിയത്. യു.എ.പി.എ, ആയുധ നിയമം, ബോംബെ പൊലിസ് ആക്ട് എന്നിവ മൂന്നുപേര്‍ക്കെതിരെയും ചുമത്തിയിരുന്നു. കൊലപാതക ശ്രമം, കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തുക എന്നീ കുറ്റങ്ങളും ഇവര്‍ക്കെതിരെ ചുമത്തിയിരുന്നു. 2015ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

മഹാരാഷ്ട്ര സര്‍ക്കാര്‍ ബീഫ് നിരോധിച്ചിരുന്നു. ഈ സമയത്ത് പള്ളിയിലെത്തിയ അബ്ദുള്‍ റസാഖ് കത്തിയെടുത്ത് പുറത്ത് ഡ്യൂട്ടിയിലുള്ള പോലീസുകാരനെ കുത്തിയെന്നും കുത്തുന്നതിന് മുമ്പ് ബീഫ് നിരോധിച്ചതിനാലാണ് കുത്തുന്നതെന്നും പോലീസുകാരെ കൊല്ലുമെന്നും പറഞ്ഞു എന്നുമാണ് പ്രൊസിക്യൂഷന്‍ ആരോപിച്ചത്. ഈ സംഭവത്തില്‍ തീവ്രവാദ ബന്ധമുണ്ടെന്നും യുവാക്കളെ ഭീകരവാദ സംഘടനയിലേക്ക് ആകര്‍ഷിക്കുന്നതിനും വേണ്ടിയാണ് ഇത് ചെയ്തതെന്നും തീവ്രവാദ സ്‌ക്വാഡ് ആരോപിച്ചു. അക്രമിക്കുന്ന സമയത്ത് ജിഹാദ് എന്ന് പ്രതികള്‍ പറയുകയും ചെയ്‌തെന്നും സ്‌ക്വാഡ് പറയുന്നു.

ജിഹാദ് എന്ന വാക്കിന്‍റെ അര്‍ത്ഥം പോരാട്ടം എന്നാണെന്നും എല്ലായ്‌പ്പോഴും ഈ വാക്കിന് തീവ്രവാദവുമായി ബന്ധമുണ്ടാവണമെന്നില്ലെന്നും ജഡ്ജി വ്യക്തമാക്കി. ജിഹാദ് എന്ന വാക്ക് ഉപയോഗിച്ചു എന്നത് കൊണ്ട് മാത്രം ഒരാളെ തീവ്രവാദിയെന്ന് മുദ്രകുത്തരുതെന്നും ജഡ്ജി പറഞ്ഞു. പോലീസുകാരനെ ആക്രമിച്ച കേസില്‍ അബ്ദുള്‍ റസാഖിനെ മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷക്ക് കോടതി വിധിച്ചു.

0Shares