കൊച്ചി: ഇരുവിഭാഗത്തിന്റെയും വാദം പൂര്‍ത്തിയായതോടെ പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ അമീറുള്‍ ഇസ്ലാമിനുള്ള ശിക്ഷ നാളെ വിധിക്കും. അമീറുള്‍ ഇസ്ലാമില്‍നിന്ന് കോടതി ചിലകാര്യങ്ങള്‍ നേരിട്ടു ചോദിച്ചറിഞ്ഞിരുന്നു. ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ജിഷയെ അറിയില്ലെന്നും അമീര്‍ കോടതിയെ അറിയിച്ചു. കേസിനുപിന്നില്‍ ഭരണകൂട താല്‍പര്യമാണെന്നും പൊലീസ് കള്ളക്കേസുണ്ടാക്കിയെന്നും മാതാപിതാക്കളെ കാണാന്‍ അനുവദിക്കണമെന്നും അമീറുള്‍ കോടതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന പ്രതിയുടെ ആവശ്യം വിചാരണക്കോടതി തള്ളി. അസം സ്വദേശിയായ അമീറിന് പൊലീസിന്റെ ചോദ്യം ചെയ്യലുകള്‍ മനസ്സിലായില്ലെന്ന് അഭിഭാഷകന്‍ കോടതിയില്‍ നിലപാടെടുത്തു. എന്നാല്‍ ശിക്ഷാവിധിയെക്കുറിച്ചു മാത്രം പറഞ്ഞാല്‍ മതിയെന്ന് അഭിഭാഷകന് കോടതി നിര്‍ദേശം നല്‍കി. അതേസമയം കുററവാളി സഹതാപം അര്‍ഹിക്കുന്നില്ലെന്നും അമീര്‍ ഉള്‍ ഇസ്ലാമിന് വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. സംസ്ഥാനത്തിന്റെ പക്കല്‍ ഇതര സംസ്ഥാനക്കാരുടെ കാര്യത്തില്‍ കൃത്യമായ കണക്കില്ല. കുറ്റം ചെയ്ത പ്രതികളെ കണ്ടെത്താനാകുന്നില്ല. ഉചിതമായ നടപടിയ്ക്ക് കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും വാദത്തില്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. അതേസമയം നിര്‍ഭയ കേസിനു സമാനമല്ല ജിഷയുടെ കേസെന്നും ഇതില്‍ ദൃക്സാക്ഷിയില്ലെന്നും ഊഹാപോഹങ്ങള്‍ കണക്കിലെടുത്ത് ശിക്ഷിക്കരുതെന്നും പ്രതിഭാഗം വാദിച്ചു.
സംഭവത്തില്‍ അമീറുള്‍ കുറ്റക്കാരനാണെന്നു വിചാരണ കോടതി ചൊവ്വാഴ്ച കണ്ടെത്തിയിരുന്നു. മരണംവരെ ജീവപര്യന്തമോ വധശിക്ഷയോ ലഭിക്കാവുന്ന കുറ്റങ്ങളാണു പ്രതിക്കെതിരെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കണ്ടെത്തിയത്. ജിഷയുടെ വീടിനു സമീപത്തെ വാടകക്കെട്ടിടത്തില്‍ കഴിഞ്ഞിരുന്ന പ്രതി 2016 ഏപ്രില്‍ 28നു കൊല നടത്തിയെന്നാണു കേസ്. ഡിഎന്‍എ പരിശോധനാ ഫലങ്ങളുടെയും ഫൊറന്‍സിക് റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തില്‍ അമീറിനെതിരായ കുറ്റങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞതായി കോടതി ചൂണ്ടിക്കാട്ടി. വീട്ടില്‍ അതിക്രമിച്ചു കയറല്‍, ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ തെളിഞ്ഞു. രക്തക്കറയുടെയും ഉമിനീരിന്റെയും ഡി.എന്‍.എ. പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി അമീറുള്‍ ഇസ്ലാമാണെന്ന് പൊലീസ് കണ്ടെത്തിയത്. യുവതിയുടെ വീട്ടിലെ വാതിലില്‍ കണ്ട രക്തക്കറ, യുവതിയുടേതല്ലാത്ത തലമുടി, യുവതിയുടെ നഖങ്ങള്‍ക്കിടയില്‍നിന്ന് ലഭിച്ച തൊലിയുടെ അവശിഷ്ടങ്ങള്‍, വസ്ത്രത്തില്‍ പറ്റിപ്പിടിച്ചിരുന്ന ഉമിനീര്‍, വീടിനു പുറത്തുനിന്ന് കിട്ടിയ ഒരു ജോടി ചെരിപ്പ് തുടങ്ങിയവയായിരുന്നു അന്വേഷണസംഘത്തിന് കിട്ടിയ തെളിവുകള്‍.
ജിഷ വധക്കേസില്‍ തുടരന്വേഷണ ഹര്‍ജി തള്ളി; അമീറുള്‍ ഇസ്ലാമിനുള്ള ശിക്ഷ നാളെ വിധിക്കും