ജിഷ വധക്കേസിലെ പ്രതി അമീറുള്‍ ഇസ്ലാം കുറ്റക്കാരന്‍; ശിക്ഷ ബുധനാഴ്ച വിധിക്കും

  • Post category:news
  • Reading time:2 mins read
You are currently viewing ജിഷ വധക്കേസിലെ പ്രതി അമീറുള്‍ ഇസ്ലാം കുറ്റക്കാരന്‍; ശിക്ഷ ബുധനാഴ്ച വിധിക്കും

കൊച്ചി: ജിഷ വധക്കേസിലെ പ്രതി അമീറുള്‍ ഇസ്ലാം കുറ്റക്കാരനെന്ന് കോടതി. ശിക്ഷ ബുധനാഴ്ച പ്രഖ്യാപിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രഖ്യാപിച്ചത്. വീട്ടില്‍ അതിക്രമിച്ചു കയറല്‍, ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ തെളിഞ്ഞു. പെരുമ്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളി ക്യാംപില്‍ കഴിഞ്ഞിരുന്ന അസം സ്വദേശി അമീറുല്‍ ഇസ്ലാം വീട്ടില്‍ അതിക്രമിച്ചു കയറി ജിഷയെ മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തിയെന്നാണു കേസ്. തെളിവ് നശിപ്പിച്ചതില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയിട്ടില്ല. പട്ടികവിഭാഗ പീഡനനിയമപ്രകാരവും കുറ്റക്കാരനാണെന്നു കണ്ടെത്തിയിട്ടില്ല. പ്രതിക്ക് പറയാനുള്ളത് കോടതി നാളെ കേള്‍ക്കും.
പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നുള്ള 100 സാക്ഷികളുടെയും പ്രതിഭാഗത്തെ ആറ് സാക്ഷികളുടേയും വിസ്താരം പൂര്‍ത്തിയാക്കിയാണ് കോടതി വിധി പ്രഖ്യാപിച്ചത്. പ്രതിക്കെതിരായ ശാസ്ത്രീയ തെളിവുകള്‍ അണിനിരത്തിയാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. 293 രേഖകളും 36 തൊണ്ടിമുതലുകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.സാഹചര്യതെളിവുകളുടേയും ശാസ്ത്രീയ തെളിവുകളുടേയും അടിസ്ഥാനത്തിലാണ് അമീറുല്‍ ഇസ്ലാമിനെതിരെ കുറ്റം ആരോപിച്ചത്. കൊല്ലപ്പെട്ട ജിഷയുടെ വസ്ത്രം, നഖങ്ങള്‍, മുറിക്കുള്ളില്‍ കണ്ടെത്തിയ തലമുടി എന്നിവയുടെ ഡിഎന്‍എ പരിശോധനയുടെ അടിസ്ഥാനത്തിലാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. എന്നാല്‍ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രം ഓരാളെ പ്രതിയാക്കാനാവില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ജിഷയെ കൊല്ലാനുപയോഗിച്ച ആയുധം സംബന്ധിച്ചും ജിഷ മരിച്ച സമയത്തെ കുറിച്ചും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വ്യക്തതയില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന വാദം. പ്രതിക്കെതിരെ പരമാവധി ശിക്ഷയാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. അതിക്രമിച്ചു കയറല്‍, വീടിനുള്ളില്‍ അന്യായമായി തടഞ്ഞുവയ്ക്കല്‍, കൊലയ്ക്കു ശേഷം തെളിവു നശിപ്പിക്കല്‍, ദലിത് പീഡന നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണു പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് വിധി പ്രഖ്യാപനം കേള്‍ക്കാനായി കോടതിയലെത്തിയപ്പോള്‍ ജിഷയുടെ അമ്മ രാജേശ്വരി പറഞ്ഞിരുന്നു. വധശിക്ഷയില്ലെങ്കില്‍ മേല്‍കോടതിയെ സമീപിക്കും. വിധി എല്ലാവര്‍ക്കും പാഠമാകണമെന്നും രാജേശ്വരി വ്യക്തമാക്കിയിരുന്നു. ലോകത്തില്‍ ചെയ്യാന്‍ പറ്റാത്ത ഏറ്റവും വലിയ പാപമാണ് തന്റെ മകളോട് പ്രതി ചെയ്തത്. തന്റെ സ്വപ്നങ്ങളാണ് തകര്‍ക്കപ്പെട്ടത്. ഭിക്ഷ എടുത്ത് മകളെ പഠിപ്പിച്ചത് വക്കീല്‍ ആക്കാന്‍ വേണ്ടിയായിരുന്നുവെന്നും രാജേശ്വരി മാധ്യമങ്ങളോട് പറഞ്ഞു.2016 ഏപ്രില്‍ 28 ന് രാത്രി ഏട്ട് മണിയോടെയാണ് പെരുമ്പാവൂരിലെ വീടിനുള്ളില്‍ ജിഷയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. കൂലിപ്പണിക്ക് പോയ അമ്മ രാജേശ്വരി തിരികെ എത്തിയപ്പോഴായിരുന്നു ക്രൂരമായരീതിയില്‍ ജിഷയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. ദേഹത്ത് ചുരിദാറിന്റെ ടോപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളു. കൊലപാതകിയെ കണ്ടെത്താന്‍ പൊലീസിന് ദീര്‍ഘനാളത്തെ അന്വേഷണം നടത്തേണ്ടിവന്നു. മുഴുവന്‍ നാട്ടുകാരുടെയും വിരലടയാളം അടക്കമുള്ളവ ശേഖരിച്ചുവെങ്കിലും കേസില്‍ തുമ്പുണ്ടാക്കാന്‍ പൊലീസിന് ആദ്യം കഴിഞ്ഞില്ല. നാട്ടുകാരടക്കം പലരിലേക്കും സംശയം നീണ്ടു.അന്യസംസ്ഥാന തൊഴിലാളിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിനൊടുവില്‍ 2016 ജൂണ്‍ 14 ന് അസം സ്വദേശി അമീറുള്‍ ഇസ് ലാമിനെ കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍നിന്ന് പൊലീസ് പിടികൂടുകയായിരുന്നു. രക്തക്കറയുടെയും ഉമിനീരിന്റെയും ഡി.എന്‍.എ. പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി അമീറുള്‍ ഇസ്ലാമാണെന്ന് പൊലീസ് കണ്ടെത്തിയത്. യുവതിയുടെ വീട്ടിലെ വാതിലില്‍ കണ്ട രക്തക്കറ, യുവതിയുടേതല്ലാത്ത തലമുടി, യുവതിയുടെ നഖങ്ങള്‍ക്കിടയില്‍നിന്ന് ലഭിച്ച തൊലിയുടെ അവശിഷ്ടങ്ങള്‍, വസ്ത്രത്തില്‍ പറ്റിപ്പിടിച്ചിരുന്ന ഉമിനീര്‍, വീടിനു പുറത്തുനിന്ന് കിട്ടിയ ഒരു ജോടി ചെരിപ്പ് തുടങ്ങിയവയായിരുന്നു അന്വേഷണസംഘത്തിന് കിട്ടിയ തെളിവുകള്‍.

0Shares