തിരുവനന്തപുരം: എറണാകുളം പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ തുടക്കം മുതല്‍ പാളിച്ച സംഭവിച്ചെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. ശാസ്ത്രീയ തെളിവുകള്‍ സ്വീകരിക്കുന്നതില്‍ ഗുരുതര വീഴ്ച്ച പറ്റിയെന്നും ഇപ്പോഴുള്ള തെളിവുകള്‍ കോടതിയില്‍ നിലനില്‍ക്കില്ലെന്നുമാണ് വിജിന്‍സിന്റെ വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 28നാണു ജിഷയെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ക്രൂരമായ ലൈംഗിക പീഡനത്തിനിരയായ നിലയിലായിരുന്നു മൃതദേഹം. സംഭവ ദിവസം വൈകുന്നേരം 5.30നും ആറിനുമിടയില്‍ പെരുമ്പാവൂര്‍ കുറുപ്പംപടി വട്ടോളിപ്പടിയിലെ കനാല്‍ പുറമ്പോക്കിലെ അടച്ചുറപ്പില്ലാത്ത വീട്ടിലേക്ക് അതിക്രമിച്ചു കയറി ജിഷയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയെന്നതാണു പ്രതിക്കെതിരായ പ്രധാന കുറ്റം. പ്രതി അമീറുല്‍ ഇസ്‌ലാമിനെ തമിഴ്‌നാട്ടില്‍നിന്നാണ് അറസ്റ്റ് ചെയ്തത്.