കൊച്ചി: ജിഷ്ണു കേസില്‍ ഒളിവില്‍പോയ പ്രതികള്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കോളേജ് ഉദ്യോഗസ്ഥന്‍മാരായ പ്രവീണ്‍, ദിപിന്‍ എന്നിവര്‍ക്കാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കഴിഞ്ഞദിവസം ഇടക്കാല ജാമ്യം അനുവദിച്ച വൈസ് പ്രിന്‍സിപ്പല്‍ എന്‍.കെ ശക്തിവേലിന്റെ ജാമ്യം സ്ഥിരപ്പെടുത്തുകയും ചെയ്തു. ഇതോടെ കേസിലെ ഒളിവിലുള്ള പ്രതികള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും ജാമ്യം ലഭിച്ചു. അതേസമയം, ജിഷ്ണു കേസിലെ സാക്ഷിമൊഴികളെല്ലാം കോടതി തള്ളി. പ്രിന്‍സിപ്പലിന്റെയും ജിഷ്ണുവിന്റെ സഹപാഠികളുടേയും മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നും കേസില്‍ ആത്മഹത്യാ പ്രേരണകുറ്റം നിലനില്‍ക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

പ്രതികളെ പോലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യമില്ല. കോപ്പിയടി സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ ഒരു മണിക്കൂര്‍ ചോദ്യംചെയ്യാം. കേസില്‍ അന്വേഷണം ശരിയായ ദിശയിലല്ല. കേരളത്തില്‍ ആരെയും പ്രതിയാക്കാമെന്ന അവസ്ഥയാണ് ഉള്ളതെന്നും കോടതി അഭിപ്രായപ്പെട്ടു. ജസ്റ്റിസ് എബ്രഹാം മാത്യുവിന്റെ ബഞ്ചാണ് ജിഷ്ണു കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത്.