
ന്യൂഡല്‍ഹി: ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി അബ്ദുല്‍ നാസര്‍ മഅദ്നി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കേരളത്തിലേക്കുള്ള യാത്രയുടെ ചിലവ് കര്‍ണാടക സര്‍ക്കാര്‍ വഹിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ഇത് ഭാരിച്ച ചിലവാണ് എന്നും മഅദനി സ്വയം വഹിക്കണം എന്നും കര്‍ണാടക സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വാദപ്രതിവാദം തുടരുന്നതിനിടെയാണ് പണമില്ലെങ്കില്‍ പിന്നെ എങ്ങനെയാണ് മഅദനി നിങ്ങളുടെ ഫീസ് തരുന്നതെന്ന മറു ചോദ്യമാണ് കോടതി മഅദനിയുടെ അഭിഭാഷകനായ പ്രശാന്ത് ഭൂഷണിനോട് ചോദിച്ചത്.

താന്‍ മഅദനിയുടെ കേസില്‍ ഇടപെടാന്‍ കാരണം ഒരു കത്താണ്. അന്തരിച്ച ജസ്റ്റീസ് വി. ആര്‍ കൃഷ്ണയ്യര്‍ മഅദനിയെക്കുറിച്ചും അയാള്‍ അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ചും വിശദീകരിച്ച് തനിക്ക് സ്വന്തം കൈപ്പടയില്‍ കത്തെഴുതിയിരുന്നുവെന്ന് പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ആവശ്യപ്രകാരമാണ് താന്‍ മഅദനിയുടെ കേസ് ഏറ്റെടുത്തത്. വികാരഭരിതമായ വിശദീകരണം കേട്ട് സുപ്രീംകോടതി കൂടുതല്‍ ചോദ്യങ്ങള്‍ ഒഴിവാക്കി ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കുകയായിരുന്നു.
