ന്യൂദല്‍ഹി: ദക്ഷിണ ദല്‍ഹിയിലെ ഒരു എ.ടി.എമ്മില്‍ നിന്ന് 2000 രൂപയുടെ വ്യാജനോട്ട് ലഭിച്ച സംഭവത്തില്‍ ഒരാള്‍ പിടിയിലായി.
സംഗം വിഹാറിലെ ടി പോയിന്റിലുള്ള എ.ടി.എമ്മില്‍ പണം നിക്ഷേപിച്ച മുഹമ്മദ് ഇഷ (27) എന്നയാളാണ് പിടിയിലായത്. സി.സി.ടി.വി ക്യാമറ പരിശോധിച്ചതിനെ തുടര്‍ന്നാണ് പോലീസ് ഇയാളെ പിടികൂടിയത്.കഴിഞ്ഞ ദിവസം ഒരു കോള്‍ സെന്ററിലെ ജീവനക്കാരനാണ് എ.ടി.എമ്മില്‍ നിന്നും വ്യാജനോട്ടുകള്‍ ലഭിച്ചത്.’റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ’ എന്നതിനു പകരം ‘ചില്‍ഡ്രന്‍ ബാങ്ക് ഓഫ് ഇന്ത്യ’ എന്ന് അച്ചടിച്ച ഈ നോട്ടുകളില്‍ സുരക്ഷാ അടയാളങ്ങളുടെ സ്ഥാനത്തു നിറയെ പരിഹാസപദങ്ങളാണുള്ളത്. ഹിന്ദി ലിപിയില്‍ ഭാരതീയ മനോരഞ്ചന്‍ ബാങ്ക് എന്നാണ് അച്ചടിച്ചിരിക്കുന്നത്.

നോട്ട് അസാധുവാക്കലിന് ശേഷം 2000 രൂപയുടെ പുത്തന്‍ നോട്ടുകള്‍ അച്ചടിച്ച് വിതരണം ചെയ്ത നാളുകളില്‍ തന്നെ യഥാര്‍ത്ഥ നോട്ടിനെ വെല്ലുന്ന തരത്തിലുള്ള വ്യാജ നോട്ടുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇറങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് തലങ്ങും വിലങ്ങും പലരേയും പിടികൂടിയിരുന്നെങ്കിലും കള്ളനോട്ട് നിര്‍മ്മാണ വിദഗ്ധര്‍ക്ക് ഇപ്പോഴും തെല്ലും കുലുക്കമില്ല. ചുരുക്കത്തില്‍ ഒറിജിനല്‍ നോട്ട് ഏത്, കള്ള നോട്ട് ഏത് എന്ന് തിരിച്ചറിയാനാവാതെ പൊതു ജനം വലയുകയാണ്. ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ തന്നെ കള്ള നോട്ടുകള്‍ സുലഭമാവുമ്പോള്‍ മറ്റു സ്ഥലങ്ങളിലെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ?…