ന്യൂഡല്‍ഹി: നാഡീവ്യൂഹത്തെ ഗുരുതരമായി ബാധിക്കുന്ന സിക്ക വൈറസ് ആദ്യമായി ഇന്ത്യയിലും സ്ഥിരീകരിച്ചു. അഹമ്മദാബാദില്‍ ഗര്‍ഭിണിയായ ഒരു യുവതിയടക്കം മൂന്നുപേര്‍ക്ക് സിക്ക വൈറസ്ബാധ സ്ഥിരീകരിച്ചു. ഇതിനെത്തുടര്‍ന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കി. രോഗബാധ തടയാനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്രം വ്യക്തമാക്കി.

ലോകാരോഗ്യ സംഘടന നല്‍കിയ മാര്‍ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ നിരീക്ഷണത്തിലാണ് മൂന്നുപേര്‍ക്കും വൈറസ്ബാധ സ്ഥിരീകരിച്ചത്. രോഗ ബാധിതരെല്ലാം അഹമ്മദാബാദിലെ ബാപുനഗര്‍ മേഖലയില്‍ നിന്നുള്ളവരാണ്. ബാധിക്കപ്പെട്ടവരില്‍ ഒരാള്‍ 64 കാരനും മറ്റുള്ളവരില്‍ ഒരാള്‍ 34 വയസുള്ള സ്ത്രീയും അടുത്തയാള്‍ 22 വയസുള്ള ഗര്‍ഭിണിയുമാണ്. ഇവരുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മൂന്നുപേരും നിരീക്ഷണത്തിലാണ്. രോഗബാധ ഇന്ത്യയില്‍ ആദ്യമായാണ് സ്ഥിരീകരിക്കുന്നത്. ഡങ്കിപനി പടര്‍ത്തുന്ന കൊതുകുകളാണ് സിക്ക വയറസും പടര്‍ത്തുന്നത്.