
ജസ്റ്റിസ് ശരത് അരവിന്ദ് ബോബ്‌ഡെ ഇന്ത്യയുടെ 47-ാം ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാവിലെ 9.30 ഓടെ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. 2013 ലാണ് ബോബ്ഡെ സുപ്രീംകോടതി ജഡ്ജിയായി ചുമതലയേറ്റത്. അയോധ്യ, ശബരിമല തുടങ്ങിയ സുപ്രധാന വിഷയങ്ങളില്‍ ഇനിയുള്ള നിയമപോരാട്ടങ്ങള്‍ പുതിയ ചീഫ് ജസ്റ്റിസിനു കീഴിലാകും.
അയോധ്യയിലെ പുനഃപരിശോധനാ ഹര്‍ജികളും ശബരിമലയിലെ വിശാലബെഞ്ചുമെല്ലാം ഇനി ജസ്റ്റിസ് ബോബ്ഡെയുടെ നേതൃത്വത്തില്‍ പരിഗണിച്ചേക്കും. 17 മാസം അദ്ദേഹം ഈ പദവിയിലുണ്ടാകും. 2021 ഏപ്രില്‍ 23-നാകും ബോബ്ഡെ വിരമിക്കുക.

മഹാരാഷ്ട്ര നാഗ്പൂര്‍ സ്വദേശിയായ എസ്. എ ബോബ്ഡെ നേരത്തെ ബോംബെ ഹൈകോടതി ജഡ്ജിയും പിന്നീട് മധ്യപ്രദേശ് ഹൈകോടതി ചീഫ് ജസ്റ്റിസുമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, നിയമമന്ത്രി രവിശങ്കർ പ്രസാദ്, സുപ്രീം കോടതി ജഡ്ജിമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ശേഷം 10.30ന് സുപ്രീംകോടതിയിലെത്തി ആദ്യ ദിവസത്തെ കേസുകൾ പരിഗണിക്കും. 30 കേസുകളാണ് നാളെ ചീഫ് ജസ്റ്റിസിന് മുമ്പാകെ ലിസ്റ്റ് ചെയ്തിരിക്കുന്നത്.
1956 ഏപ്രില്‍ 24-ന് മഹാരാഷ്ട്രയിലെ നാഗ്പുരിലാണ് ബോബ്ഡെ ജനിച്ചത്. മുതിര്‍ന്ന അഭിഭാഷകനായിരുന്നു അരവിന്ദ് ശ്രീനിവാസ് ബോബ്ഡെയാണ് പിതാവ്. നാഗ്പുര്‍ സര്‍വകലാശാലയില്‍നിന്ന് നിയമബിരുദം പൂര്‍ത്തിയാക്കി 1978-ലാണ് അഭിഭാഷകവൃത്തി തുടങ്ങിയത്.
