ജസ്റ്റിസ് ഫോര്‍ സിസ്റ്റേഴ്‌സ്, വോയ്‌സ് ഓഫ് യൂത്ത് വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി വ്യാജഹര്‍ത്താല്‍ ആഹ്വാനം; മുഖ്യസൂത്രധാരനടക്കം അഞ്ചുപേര്‍ കൊല്ലത്ത് അറസ്റ്റില്‍

  • Post category:news
  • Reading time:1 min read
You are currently viewing ജസ്റ്റിസ് ഫോര്‍ സിസ്റ്റേഴ്‌സ്, വോയ്‌സ് ഓഫ് യൂത്ത് വാട്സ്ആപ്പ് ഗ്രൂപ്പുകള്‍  വഴി വ്യാജഹര്‍ത്താല്‍ ആഹ്വാനം; മുഖ്യസൂത്രധാരനടക്കം അഞ്ചുപേര്‍ കൊല്ലത്ത് അറസ്റ്റില്‍

കൊല്ലം: സോഷ്യല്‍ മീഡിയിലൂടെ വ്യാജഹര്‍ത്താലിന് ആഹ്വാനം ചെയ്ത കേസില്‍ സൂത്രധാരനടക്കം അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലം സ്വദേശി അമര്‍നാഥ് ബൈജുവാണ് അപ്രഖ്യാപിത ഹര്‍ത്താലിന്‍റെ  സൂത്രധാരന്‍. തിരുവനന്തപുരം കുന്നപ്പുഴ സ്വദേശി എം.ജെ.സിറിള്‍, നെല്ലിവള സ്വദേശി സുധീഷ്, അഖില്‍, നെയ്യാറ്റിന്‍കര സ്വദേശി ഗോകുല്‍ ശേഖര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറത്തുനിന്നുള്ള പ്രത്യേക അന്വേഷണ സംഘമാണ് തിരുവനന്തപുരത്തുനിന്നും കൊല്ലത്തുനിന്നും പ്രതികളെ അറസ്റ്റ് ചെയ്തത്. ജസ്റ്റിസ് ഫോര്‍ സിസ്റ്റേഴ്‌സ്, വോയ്‌സ് ഓഫ് യൂത്ത് എന്നീ രണ്ട് വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയാണ് ഹര്‍ത്താലിന് ഇവര്‍ ആഹ്വാനം ചെയ്തത്. ഓരോ ജില്ലകളിലും ഇവര്‍ക്ക് ഇതേ പേരില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളുണ്ട്.ഈ ഗ്രൂപ്പുകള്‍ വഴി ഹര്‍ത്താലിനുള്ള ആഹ്വാനം വേഗത്തില്‍ പ്രചരിക്കുകയായിരുന്നു. രാഷ്ട്രീയമായ ലക്ഷ്യങ്ങള്‍ ഒന്നും തന്നെ ഹര്‍ത്താല്‍ ആഹ്വാനത്തിന് പിന്നില്‍ ഉണ്ടായിരുന്നില്ല എന്നാണ് പോലീസ് കരുതുന്നത്. 20 നും 22നും ഇടയില്‍ പ്രായമുള്ള യുവാക്കളുടെ വിനോദമെന്ന നിലയില്‍ തുടങ്ങിയ വാട്‌സ്ആപ്പ് ഗ്രൂപ്പുകളാണ് ഇത്തരത്തിലുള്ള ഒരു ഹര്‍ത്താലിന് കാരണമായത്. ഇവരെ മഞ്ചേരി സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഇവര്‍ക്കെതിരെ കേസെടുക്കും എന്നാണ് പോലീസ് നല്‍കുന്ന വിവരം. ഇവര്‍ ആഹ്വനം ചെയ്ത ഹര്‍ത്താല്‍ ചില രാഷ്ട്രീയ കക്ഷികള്‍ ഏറ്റെടുത്തതോടെ അക്രമാസക്തമാകുകയായിരുന്നു.

0Shares