ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസ്സില്‍ ജസ്റ്റിസ് കര്‍ണനെ ജയിലിലടയ്ക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു സിറ്റിങ് ജഡ്ജി കോടതിയലക്ഷ്യക്കേസില്‍ ശിക്ഷിക്കപ്പെടുന്നത്. ജസ്റ്റിസ് കര്‍ണന്റെ പ്രസ്താവനകള്‍ പ്രസിദ്ധീകരിക്കുന്നതിന് മാധ്യമങ്ങള്‍ക്കും മാധ്യമങ്ങളെ കാണുന്നതിന് കര്‍ണനും വിലക്കുണ്ട്. ആറുമാസത്തേക്കാണ് കര്‍ണനെ സുപ്രീംകോടതി ശിക്ഷിച്ചിരിക്കുന്നത്. അദ്ദേഹത്തെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ കൊല്‍ക്കത്ത പോലീസിന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. 
തൊലിയുടെ നിറത്തിനനുസരിച്ചല്ല കോടതിയലക്ഷ്യം തീരുമാനിക്കുന്നതെന്നും കര്‍ണന് മാനസികാസ്വസ്ഥ്യമില്ലെന്നും കോടതി പറഞ്ഞു. പട്ടികജാതിക്കാര്‍ക്കെതിരെയുള്ള അതിക്രമം തടയുന്ന നിയമവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെ.എസ്. കെഹാര്‍ അടക്കമുള്ള എട്ട് മുതിര്‍ന്ന ജഡ്ജിമാരെ അറസ്റ്റ് ചെയ്ത് അഞ്ചു വര്‍ഷം ജയിലിലടക്കാന്‍ ജസ്റ്റിസ് കര്‍ണന്‍ ‘ഉത്തരവിട്ടിരുന്നു’. ഇതിന്റെ പേരിലാണ് കര്‍ണനെതിരെ സുപ്രീംകോടതി നിയമനടപടിക്കൊരുങ്ങിയത്.