മംഗളൂരു: രണ്ടുദിവസം മുന്‍പ് ജയിലില്‍ നിന്ന് ജാമ്യത്തിലിറങ്ങിയ ഗുണ്ടാത്തലവനെ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ജെപ്പു കുടപ്പാടിയിലെ അപാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന ഇല്യാസ്(30) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാവിലെ ആറുണിയോടെയാണ് അജ്ഞാത സംഘം യുവാവിനെ മാരകമായി വെട്ടിപ്പരിക്കേല്‍പിച്ചത്. മകനുമൊപ്പം മുറിയില്‍ ഉറങ്ങുന്ന സമയത്താണ് അക്രമികളെത്തിയത്. വാതില്‍ ശക്തമായി മുട്ടിവിളിച്ച സംഘം അകത്തുകയറി തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു.
നെഞ്ചിലും തലയ്ക്കും മാരകമായ പരിക്കേറ്റിരുന്നു. മരിച്ചെന്നു കരുതിയ സംഘം ബൈക്കില്‍ രക്ഷപ്പെട്ടു. ശബ്ദം കേട്ട ഫ്‌ലാറ്റിലുള്ളവരാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. എങ്കിലും മരണപ്പെടുകയായിരുന്നു. രണ്ടുദിവസം മുമ്പാണ് കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങിയത്. മൂന്നുകൊലക്കേസില്‍ പ്രതിയാണ് ഇല്യാസ്. ഒരുഡോക്ടറെ തട്ടിക്കൊണ്ടുപോയ കേസിലും ഡോക്ടറെ സമീപിച്ചിരുന്ന സ്ത്രീയുടെ നഗ്നചിത്രം പകര്‍ത്തി പ്രദര്‍ശിപ്പിച്ചതിനും ഇയാള്‍ക്കെതിരേ കേസുണ്ട്.
ഉള്ളാളിലെ കുപ്രസിദ്ധ ഗുണ്ടാത്തലവനായ ഇല്യാസ് മുന്‍കോണ്‍ഗ്രസ് നേതാവ് കൂടിയാണ്. അധോലോക കുടിപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്നു പോലിസ് സംശയിക്കുന്നു. കാട്ടിപ്പള്ളയിലെ ദീപക് റായിയുടെ കൊലപാതകത്തില്‍ യുവാവിനെ പങ്കുള്ളതായി പോലിസ് പറഞ്ഞു. ഉള്ളാള്‍ പോലിസ് അന്വേഷണം തുടങ്ങി.
ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ഗുണ്ടാത്തലവനെ പട്ടാപ്പകല്‍ അപാര്‍ട്ടുമെന്റില്‍ വച്ച് വെട്ടിക്കൊലപ്പെടുത്തി; മുന്‍കോണ്‍ഗ്രസ് നേതാവിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ ഗുണ്ടകളുടെ കുടിപ്പകയെന്നു സംശയം